ArticleLatest News

സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ട്: നമ്മള്‍ സ്വയം ക്ഷണിച്ചു വരുതുന്നതോ?

സ്ത്രീകളുടെ ജീവിതം ഇന്ത്യയില്‍ അപകടരമെന്ന സര്‍വേ റിപ്പോര്‍ട്ടോടു കൂടിയാണ് കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. തലക്കെട്ടില ഭീകരത രാജ്യത്ത് നിലനില്‍ക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലക്ക് വീഴുന്നതാണ് ഈ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കായി പ്രത്യേകം സംഘടനകള്‍, നിയമങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഇവയൊക്കെ നിലനില്‍ക്കെ തീവ്രവാദ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെ ഉപമിച്ച റിപ്പോര്‍ട്ടിനെ തീര്‍ത്തും അവഗണിക്കാനും സാധിക്കുന്നതല്ല. വസ്തുതകളെ ഇഴകീറി പരിശോധിക്കേണ്ടിയിരിക്കുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ സര്‍വ്വേ റിപ്പോര്‍ട്ട് ആധികാരികമല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞെങ്കിലും സ്ത്രീകളെ സംബന്ധിച്ചടത്തോളം ലോകത്തിലെ ഏറ്റവും ആപല്‍ക്കരമായ രാജ്യത്തിന്റെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കില്‍ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയല്ലാതെ സ്ത്രീ സുരക്ഷയെ കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ജനാധിപത്യ പ്രതിനിധികള്‍ വോട്ട് ബാങ്കിനായി പാസാക്കിയെടുക്കുന്ന നിയമങ്ങള്‍ കാറ്റില്‍ പറക്കുകയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടികള്‍ മാറി മാറി വരുമ്പോഴുള്ള നിയമപോരാട്ടങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പും തുടര്‍ന്ന് കോടതികളിലെ ഒത്തുതീര്‍പ്പും നാടകങ്ങളാണ് രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇതിനപ്പുറം സ്ത്രീയെ അമ്മയായും സഹോദരിയായും സുഹൃത്തായും കാണാന്‍ കഴിയുന്ന പുരുഷ സമൂഹത്തിനെ വാര്‍ത്തെടുക്കാന്‍ പ്രത്യേക നിയമസംഹിതകള്‍ കൊണ്ടുവരേണ്ടതുണ്ടോ?

കത്വ പീഡനവും എന്തിനേറെ സംസ്ഥാനത്ത് തന്നെ നടന്ന നടിക്ക് നേരെയുള്ള ആക്രമണങ്ങളുമൊക്കെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്. കശ്മീരിലെ മന്ത്രി സഭയ്ക്ക് പോലും ഇളക്കം തട്ടാന്‍ കത്വ പീഡനം വഴിവെച്ചപ്പോള്‍, അമ്മ പോലൊരു താരസംഘടനയില്‍ അഭിപ്രായ ഭിന്നതകളുയര്‍ന്നപ്പോള്‍ പോലും യഥാര്‍ത്ഥ വസ്തുതകളെ കണ്ടെത്താതെ തങ്ങള്‍ക്കനുകൂലമായി ചര്‍ച്ചകളെ വഴിതിരിച്ചു വിടാനാണ് ഓരോ സംഘടനകളും പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ശ്രമിച്ചത്. രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങളും നിര്‍ബന്ധിത ലൈംഗിക വൃത്തിയും സ്ത്രീ ഭ്രൂണഹത്യയും നിര്‍ബന്ധിത വിവാഹങ്ങളുമൊക്കെ നടക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടോ? ആചാരങ്ങളും അനാചാരങ്ങളും ഒരുപരിധിയില്‍ കഴിഞ്ഞ് പിടിമുറുക്കുമ്പോള്‍ അതിനൊരു കടിഞ്ഞാണിടാന്‍ സാധിക്കാതെ ജാതി-മത സംഘടനകളെ പ്രീതിപ്പെടുത്താനുള്ള മൗനവുമൊക്കെ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയേയും സുരക്ഷിതത്വത്തേയും ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. എന്നാല്‍ ആധികാരികമോ അല്ലാതെയോ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്ന അത്രയും ഭീകര രാജ്യമല്ല ഇന്ത്യയെന്നുമുള്ള തിരിച്ചറിവ് വെളിപ്പെടുത്താനോ സ്ഥാപിച്ചെടുക്കാനോ സാധിക്കാത്ത വിധം വായ്മൂടപ്പെടുന്നതും ഭീകരത തന്നെയാണ്. സ്ത്രീകള്‍ക്ക് നിലവിലുള്ള സ്വാതന്ത്ര്യത്തേയോ അവളിലെ ഭയമില്ലായ്മയേയോ ഹനിക്കപ്പെടുന്നതായിരിക്കരുത് ഒരു റിപ്പോര്‍ട്ടും. അതിന് വിദഗ്ധരോ സ്വകാര്യ ഫൗണ്ടേഷനുകളോ ഒരു തരത്തിലും കാരണമാകാതെ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സാധിക്കണം.

അക്ഷരവിദ്യാഭ്യാസമില്ലാത്തരവരല്ല രാജ്യത്തെ ജനങ്ങള്‍. അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി സ്ത്രീ സുരക്ഷിതത്തെ പറ്റി പറഞ്ഞു കൊടുക്കേണ്ട കാലഘട്ടവുമല്ല ഇത്. മറിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ, സംഘടനകളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെല്ലാം മാറ്റി നിര്‍ത്തി, ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന വാര്‍ത്തയും വിവരങ്ങളും ചൂണ്ടി കാണിച്ച് കൊടുക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കണം. അതിന് ഒരു പ്രതിപക്ഷ പാര്‍ട്ടികളുടെ ഇടപെടലുകളോ കോടതികളുടെ ഒത്തുതീര്‍പ്പുകളോ ഇല്ലാതെ നിയമങ്ങളും മറ്റ് ചേര്‍ത്തു നിര്‍ത്തലുകളും രാജ്യത്തെ ഓരോ സ്ത്രീകളും അര്‍ഹിക്കുന്നുണ്ട്. രാജ്യത്തെ ഞെട്ടിച്ച പീഡനങ്ങളിലൊന്നായിരുന്നു ഡല്‍ഹിയില്‍ ‘നിര്‍ഭയ’. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയപ്പോള്‍ രോഷാകുലരായി പല നേതാക്കളും സ്ത്രീകളും മുന്നോട്ട് വന്ന് പല കാര്യ പരിപാടികളും നടപ്പിലാക്കി. എന്നാല്‍ പിന്നീട് രാജ്യത്ത് പീഡനങ്ങള്‍ നടക്കാതെയിരുന്നിട്ടുണ്ടോ? സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ലെന്ന് തന്നെ നിസംശയം പറയേണ്ടിയിരിക്കുന്നു. എന്നാല്‍ രാജ്യം ഒരുതരത്തിലും സ്ത്രീകളെ അവഗണിച്ചിട്ടുമില്ല. മുഖ്യധാരയില്‍ സ്ത്രീകള്‍ പേടികൂടാതെ നടന്നടുത്തിട്ടുമുണ്ട്.

പോക്‌സോ പോലുള്ള നിയമങ്ങള്‍ നിലവില്‍ വന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. എന്നാല്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്കോ കുറ്റവാളികള്‍ക്കോ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിട്ടുണ്ടോ? രാജ്യത്തിന്റെ പലകോണില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങളിലൊന്നാണ് പ്രതികളെ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ശിക്ഷിക്കുന്ന രീതിയില്‍ ശിക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന്. എന്നാല്‍ അത്തരത്തിലുള്ള ശിക്ഷാ രീതികള്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഏറെ പാടുപെടേണ്ടി തന്നെ വരും. അതേസമയം നിലവിലുള്ള ശിക്ഷാരീതികളെ കുറിച്ച് തന്നെ ഓരോ പൗരനും ബോധവല്‍ക്കരണം നല്‍കാനും സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമാണുള്ളതെന്ന അബദ്ധധാരണകളേയും തിരുത്താന്‍ കഴിയണം. പുരുഷാധിപത്യ രാജ്യമല്ല, മറിച്ച് ഇന്ത്യയെ സ്ത്രീ സൗഹൃദ രാജ്യമാക്കി മാറ്റാന്‍ കഴിയണമെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ നിയമസംഹിതകളും കൂട്ടായ്മകളും നിലവില്‍ വരേണ്ടിയിരിക്കുന്നു. വിനോദസഞ്ചാരികള്‍ക്കും മറ്റ് വിദേശികളും ഇന്ത്യയില്‍ സധൈര്യം കടന്നുവരാന്‍ സാധിക്കണം. ഒരു റിപ്പോര്‍ട്ടിനും ഇന്ത്യയെ പിടിച്ചു കുലുക്കാന്‍ സാധിക്കാത്ത വിധം രാജ്യം മാറേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button