മുംബൈ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ാം വാര്‍ഷികത്തില്‍ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടിയന്തരാവസ്ഥയുടെ സമയത്ത് കോണ്‍ഗ്രസ് ഇന്ത്യയെ ജയിലിലാക്കിയെന്നാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോ പൗരനും സ്വയം സമര്‍പ്പിക്കേണ്ട സാഹചര്യമാണ് രാജ്യത്തിപ്പോഴുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുവര്‍ണ കാലത്തെ കറുത്ത പൊട്ടാണ് അടിയന്തരാവസ്ഥ കാലഘട്ടം. അതിന്റെ വാര്‍ഷികം ആഘോഷിക്കുന്നത് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മാത്രമല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ഓരോ ഇന്ത്യക്കാരെയും ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണെന്നും പ്രധാന മന്ത്രി പറഞ്ഞു. ബിജെപി ഭരണത്തിലിരിക്കുന്ന സമയം ദളിതര്‍ പേടിച്ചാണ് കഴിയുന്നതെന്ന അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്. ഇത് ഇവര്‍ മാറില്ലെന്നതിന്റെ സൂചനയാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സ്വയം നശിപ്പിച്ചുവെന്നും അടിയന്തരാവസ്ഥയുടെ സമയത്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കുന്നത് വഴി ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ രാജ്യത്തെ തന്നെ ജയിലാക്കി മാറ്റുകയായിരുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു.
Post Your Comments