തിരുവനന്തപുരം : ലസിത പാലക്കലിനെ തരികിട സാബു നീചമായി അവഹേളിച്ചതിൽ പൊലീസ് നടപടിയെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഷാനി പ്രഭാകർ, വീണാ ജോർജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളിൽ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിൻറെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ മുൻ മഹിള മോർച്ച നേതാവ് ലസിത പാലക്കൽ കൊടുത്ത പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
തലശ്ശേരി എഎസ്‌പിക്കായിരുന്നു പരാതി നൽകിയത് . തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി 354 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. സാബു ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. കുറെ നാളായി സാബുവിനെ കാണാനുമില്ലായിരുന്നു. എന്നാൽ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് നേരിടുന്ന സീരിയൽ നടൻ തരികിട സാബു ചാനൽ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ കേരളം പോലീസിനെയും സർക്കാരിനെയും വിമർശിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
‘ഷാനി പ്രഭാകർ, വീണാ ജോർജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളിൽ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിൻറെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നത്. ഒരു പാവപ്പെട്ട പെൺകുട്ടിയെ കിടപ്പറ പങ്കിടാൻ ക്ഷണിച്ചുകൊണ്ട് ആക്ഷേപിച്ച തരികിട സാബു എന്നു പറയുന്ന ഒരു വൃത്തികെട്ടവനെതിരെ പോലീസിൽ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാത്രമല്ല ഒരു പ്രമുഖ മലയാളം ചാനലിൽ ആ തെമ്മാടി ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.’
‘പിണറായി വിജയനെ ഏതോ ഒരു കള്ളുകുടിയൻ ആക്ഷേപിച്ചു എന്നു പറഞ്ഞ് അയാളെ ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് പട്ടാപ്പകൽ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കുറ്റവാളിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. പിണറായി വിജയൻറെ ചെരുപ്പ് തൂക്കാനല്ല കേരളപോലീസിന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് ശമ്പളം നൽകുന്നത്. നിയമത്തിനുമുന്നിൽ എല്ലാവരും സമൻമാരാണെന്ന സാമാന്യതത്ത്വം അംഗീകരിക്കാൻ കേരളാ പോലീസ് തയ്യാറാവണം. ഇല്ലെങ്കിൽ കേരളാ പോലീസിനോട് ‘പോടാ പുല്ലേ പോലീസേ’ എന്ന പഴയ മുദ്രാവാക്യം ജനങ്ങൾക്കു പറയേണ്ടി വരും.’
Post Your Comments