KeralaLatest News

ക്ഷേത്രങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം

കണ്ണൂര്‍•ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈക്കലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം രംഗത്ത്. ഇതിനായി ക്ഷേത്ര ഭാരവാഹികളുടെ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ആദ്യഘട്ടത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തു. ഒരു മാസത്തിനുള്ളില്‍ സംഘടന രൂപീകരിക്കാനാണ് യോഗത്തിലുണ്ടായ തീരുമാനം. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സി.പി.എം പറയുന്നത്.

ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രം വിട്ടുനല്‍കരുതെന്നതാണ് ആദ്യ കണ്‍വന്‍ഷനിലുണ്ടായ പ്രധാന തീരുമാനങ്ങളിലൊന്ന്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര പോലെ കുട്ടികളെ വര്‍ഗീയവത്‌രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രം സ്ഥലം വിട്ടുനല്‍കരുതെന്നാണ് തീരുമാനം. ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് ബദലായി സി.പി.എമ്മിന്റെ സാംസ്കാരിക വേദി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്നതാണ് ക്ഷേത്ര ഭാരാവാഹികളുടെ യോഗത്തിന്റെ നിലപാട്.

ഈ കൂട്ടായ്മയ്ക്ക് രാഷ്ട്രീയമില്ലെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ സതീശന്‍ തില്ലങ്കേരി പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതുമായി ഒരു കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

കുടുംബ ക്ഷേത്രങ്ങളിലെയും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേയും കമ്മിറ്റി ഭാരവാഹികള്‍ ജില്ല കമ്മറ്റി ഓഫീസില്‍ നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡന്റ് ഒ.കെ.വാസുവിന്റെ സാന്നിധ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button