നെല്ലൂര്‍: അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കീഴ് ജീവനക്കാര്‍ക്കിടയിലും ഇതേ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന കാര്യം ഏവരെയും ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഇത്തരത്തിലുള്ള കേസുകള്‍ക്ക് കുറവില്ലാത്ത ആന്ധ്രയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അടുത്ത ദിവസങ്ങളില്‍ പുറത്ത് വന്നത്.
അഴിമതി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ നെല്ലൂരിലുള്ള ലൈന്‍മാന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 100 കോടി രൂപയുടെ സ്വത്തുക്കളാണ്. നെല്ലൂര്‍ എ.പി ട്രാന്‍സ്‌കോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസലെ ലൈന്‍മാനായ എസ്. ലക്ഷമീറെഡ്ഡിയുടെ (56) വീട്ടിലാണ് റെയ്ഡ് നടന്നത്. രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് വൈകിട്ടാണ് അവസാനിച്ചത്. സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ആഡംബര വീട്, 57 ഏക്കര്‍ സ്ഥലം, ഒട്ടനവധി വണ്ടികള്‍, പത്തു ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യാപിതാവിന്റെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ഭൂമിയും മറ്റ് സ്വത്തുക്കളും ഭാര്യ സുഹാസിനിയുടെ പേരിലാണ്.
എസ്പിഡിസിയില്‍ ഹെല്‍പ്പറായി 1993ല്‍ ജോലിക്ക് കയറിയതാണ് ലക്ഷമീറെഡ്ഡി. 1996 ല്‍ അസി. ലൈന്‍മാനായും, 1997ല്‍ ലൈന്‍മാനായും പ്രമോഷന്‍ ലഭിച്ചു. 2014 മുതല്‍ മംഗലാപുരത്ത് ലൈന്‍ ഇന്‍സ്‌പെട്കറായി ജോലി ചെയ്ത് വരികയാണ്. ഇയാള്‍ വെയര്‍ ഹൗസിലെ ഉപകരണങ്ങള്‍ മറിച്ച് വിറ്റിരിക്കാം എന്നാണ് ഇപ്പോള്‍ സംശയം.
Post Your Comments