ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രശ്നത്തില്‍ പ്രതിഷേധവുമായി എം.പിമാര്‍ ഇന്ന് ധര്‍ണ്ണ ഇരിക്കും. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാരാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ റെയില്‍ ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് രാവിലെ 10 മണിക്ക് തുടങ്ങുന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നത്.
Also Read : കഞ്ചിക്കോട് കോച്ച് ഫാക്ടറി; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി
പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ എം.ബി.രാജേഷ് എം.,പിയെ നേരത്തെ അറിയിച്ചത്. എന്നാല്‍ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ ആലോചനകള്‍ തുടരുകയാണെന്ന അഭിപ്രായം പിന്നീട് റെയില്‍വെ മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വെ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ്ണ.
Also Read: കഞ്ചിക്കോട് കോച്ച് ഫാക്ടറി: പ്രതിഷേധവുമായി സി.പി.ഐ.എം
അതേസമയം കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും വിവിധ വശങ്ങള് പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു.
പാലക്കാട്, കഞ്ചിക്കോട് തന്നെ കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പീയുഷ് ഗോയലിന് കത്തയച്ചിരുന്നു. ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറ്റെടുക്കുകയും ചെയ്തു. ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
Post Your Comments