അന്ധേരി: ഒരു സംശയത്തിനും ഇടകൊടുക്കാതെ ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി യുവാവ് നഗരത്തിലൂടെ കറങ്ങിയത് എട്ടു മണിക്കൂര്‍. പല ആശുപത്രികളിലും മൃതദേഹവുമായി കയറിയിറങ്ങി. മരണം നടന്നുകഴിഞ്ഞുവെന്ന് എല്ലാവരും റിപ്പോര്‍ട്ട് ചെയ്തതോടെ മൃതദേഹം സ്വന്തം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെ അറിയിക്കാതെ മൃതദേഹം നീക്കിയത് ചോദ്യം ചെയ്തതോടെയാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണം ചുരുളഴിഞ്ഞത്. ഇതോടെ ആത്മഹത്യാ പ്രേരണകുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റിലുമായി.
അന്തേരി സാകി നക സ്വദേശിയായ റാം പുരോഹിത് (28) ആണ് അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്ന സംഭവം. ഷോപ്പ് ഉടമയായ പുരോഹിത് പുലര്‍ച്ചെ 1.30 ഓടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഭാര്യ മണിബെനിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ കഴുത്തിലെ കുരുക്കഴിഞ്ഞ് പുരോഹിത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം രേഖപ്പെടുത്തിയതോടെ ഇയാള്‍ മൃതദേഹവുമായി കടന്നു. മറ്റൊരു ആശുപത്രിയില്‍ എത്തി. അവിടേയും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ പുരോഹിത് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വന്തം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ബൊറിവ്ലിയിലെ ആശുപത്രിയില്‍ എത്തി. ഈ സമയമെല്ലാം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു.
രാവിലെ 9.30ഓടെ ഭാര്യയുടെ ബന്ധുവിനെ വിളിച്ചുവരുത്തി. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇദ്ദേഹം നിര്‍ദേശിച്ചു. ഇതുപ്രകാരം കണ്ടിവ്ലിയിലെ ശതാബ്ദി ആശുപത്രിയില്‍ കൊണ്ടുവന്നു. ആശുപത്രി അധികൃതരാണ് മരണവിവരം പോലീസിനെ അറിയിച്ചത്. പോലീസ് പരിശോധനയ്ക്കു ശേഷം അസ്വഭാവിക മരണം രജിസ്റ്റര്‍ ചെയ്തു. മരണത്തില്‍ ആദ്യഘട്ടത്തില്‍ പോലീസിന് സംശയം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ലഭിച്ച സൂചനകളാണ് പുരോഹിതിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്.
പോലീസിനെ അറിയിക്കാതെ സമുദായത്തിന്റെ ആശുപത്രിയില്‍ കൊണ്ടുപോയതാണ് പോലീസിന് സംശയമായത്. എട്ടു മണിക്കൂറോളം വിവരം പുറംലോകമറിയാതെ നോക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലാണ് പുരോഹിതില്‍ നിന്ന് കടുത്ത പീഡനം ഭാര്യ ഏറ്റിരുന്നതായി വ്യക്തമായത്. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ പുരോഹിത് പലപ്പോഴും ഭാര്യയെ പഴിച്ചിരുന്നു. ഇതേചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
നിലവില്‍ ഐപിസി 306 പ്രകാരം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ ചുമത്തി അറസ്റ്റു ചെയ്ത പുരോഹിത് റിമാന്‍ഡിലാണ്. കേസില്‍ അന്വേഷണം തുടരുകയാണ്. ശ്വാസംമുട്ടിയാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യുവതിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കൂടി പുറത്തുവരാനുണ്ട്. എങ്കിലെ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനാവൂ. കൊലപാതകമാണെന്ന സൂചനയുണ്ടെങ്കില്‍ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
Post Your Comments