ചെന്നൈ : ഗുരു-ശിഷ്യ ബന്ധം കാണണമെങ്കില്‍ ഇവിടേയ്ക്ക് വരണം. അത്ര ആത്മബന്ധമാണ് വിദ്യാര്‍ത്ഥികളും ആ അധ്യാപകനും തമ്മില്‍. ഇത് ഭഗവാന്‍ ഈ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍. ട്രാന്‍സ്ഫറായി പോകുന്ന ഈ അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് പോലും കടക്കാന്‍ അനുവദിക്കാതെ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ മതില്‍ പോലെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹത്തിനു മുമ്പില്‍ അധ്യാപകന്റെ സ്ഥലം മാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കേണ്ടി വന്നു.
തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ വൈകാരികമായ നിമിഷങ്ങള്‍ അരങ്ങേറിയത്. 28 കാരനായ ഭഗവാന്‍ 2014 ലായിരുന്നു ഇവിടെ ഇംഗ്ലീഷ് അധ്യാപകനായി എത്തിയത്. പഠനത്തില്‍ പിന്നില്‍ നിന്ന സ്‌കൂള്‍ ഭഗവാന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പഠനിലവാരം മെച്ചപ്പെട്ടു. ഇംഗ്ലീഷില്‍ കുട്ടികള്‍ മികച്ച വിജയവും കരസ്ഥമാക്കാന്‍ തുടങ്ങി.
കുട്ടികള്‍ക്കു ഭഗവാന്‍ അധ്യാപകന്‍ മാത്രമായിരുന്നില്ല, ജ്യേഷ്ഠനും, സുഹൃത്തും, സഹോദരനുമൊക്കെയാണ്. സ്‌കൂളിനു പുറത്തേയ്ക്ക് പോകാന്‍ തുടങ്ങിയ അധ്യാപകനെ വട്ടം കൂടി നിന്നും ഗേറ്റ് വളഞ്ഞും കുട്ടികള്‍ തടഞ്ഞു. ഈ സ്നേഹത്തിനു മുമ്പില്‍ അധ്യാപകന്‍ തോറ്റു പോയി. കുട്ടികളെ ചേര്‍ത്തു പിടിച്ച് ഭഗവാന്‍ ക്ലാസ് മുറിയിലേയ്ക്ക് തിരികെ പോയി. വിദ്യാര്‍ത്ഥികളുടെ ഈ സ്നേഹത്തിനു മുമ്പില്‍ ഗുരുനാഥന്‍ പൊട്ടികരയുകയായിരുന്നു.
Post Your Comments