പത്തനംതിട്ട: ജെസ്‌ന ജയിംസിന്റെ തിരോധാന കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം, ജെസ്‌നയുടെ പിതാവ് ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിർമ്മിക്കുന്ന കെട്ടിടത്തിലും പരിസരത്തും പരിശോധന നടത്തിയതായി റിപ്പോർട്ട്. പെൺകുട്ടിയുടെ തിരോധാനത്തില്‍ ‘ദൃശ്യം’ മോഡല്‍ സാധ്യത സംശയിച്ചാണ് പൊലീസ് ഒരാഴ്ച മുൻപ് രഹസ്യമായി ഏന്തയാറിലെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ പരിശോധന നടത്തിയത്. ഈവര്‍ഷം ജനുവരി മുതല്‍ കെട്ടിടത്തിന്റെ പണി നിലച്ചിരിക്കുകയാണ്. ജല, വൈദ്യുതി ദൗര്‍ലഭ്യമാണ് പണി ഇടയ്ക്ക് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ ഇതിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് സൂചന.
Read Also: ജെസ്‌നയെ അന്വേഷിച്ച് കാടും കടലും തിരയേണ്ട : ജെസ്‌ന തിരോധാന കേസില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി
അതേസമയം ജെസ്‌നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവ സൈബർ സെൽ അന്വേഷിച്ച് വരികയാണ്. ജെസ്‌ന സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഇതിൽ നിന്നും ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ സംശയിക്കത്തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. “ഐ ആം ഗോയിംഗ് ടു ഡൈ’ എന്ന് അവസാനം ജെസ്‌ന സന്ദേശം അയച്ചിരിക്കുന്നതും ഈ സുഹൃത്തിനാണ്. എന്നാൽ ആവശ്യമെങ്കില്‍ നുണപരിശോധനയ്ക്കു ഹാജരാകാമെന്ന് യുവാവ് അറിയിച്ചിട്ടുണ്ട്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Post Your Comments