കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യക്കടത്ത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്തുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവുകള്‍ ഉള്‍പ്പെടെയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി ആറു കോടിയുടെ മദ്യക്കടത്ത് നടത്തിയ പ്ലസ് മാക്സ് കമ്പനിയെ ലൂക്ക് ജോര്‍ജ് വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകളാണ് സത്യവാങ്മൂലത്തിലുള്ളത്. മദ്യക്കടത്തിനെ കുറിച്ച് അന്വേഷണം തുങ്ങിയപ്പോള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ പേരില്‍ മദ്യം കടത്തിയതായി തെളിവുണ്ടാക്കാനാണ് പ്ലസ് മാക്സ് കമ്പനി ശ്രമിച്ചത്. ഇതിനായി നാലു മാസത്തെ യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് സൂപ്രണ്ടായ ലൂക്ക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വകാര്യ മെയില്‍ ഐഡിയില്‍ നിന്നാണ് ലൂക്ക് ജോര്‍ജ് വിവരങ്ങള്‍ കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കസ്റ്റംസിന്റെ അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ താക്കീത് ചെയ്തിട്ടും ലൂക്ക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 13000 യാത്രക്കാരുടെ വിവരങ്ങളാണ് ഇങ്ങനെ മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സിന് ചോര്‍ത്തി നല്‍കിയത്. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന പ്രശ്നമാണിതെന്ന് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ലൂക്ക് ജോര്‍ജ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Post Your Comments