തൃശൂര്‍ : ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ ഖത്തര്‍ മ്യൂസിയത്തില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി . ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ കൊടുങ്ങല്ലൂരില്‍ ഇരുന്നാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയതെന്നുള്ളതാണ് അവിശ്വസനീയം. ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചു കോടി 20 ലക്ഷം രൂപ തട്ടിയെടുത്തത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുനില്‍ മേനോനാണ് .
ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഇമെയിലിലേക്ക് ഒരു സന്ദേശം അയച്ചു കൊണ്ടാണ് സുനില്‍ മേനോന്‍ തട്ടിപ്പിന് തുടക്കം കുറിച്ചത്. ഖത്തര്‍ രാജകുടുംബത്തിന്റെ മെയിലില്‍ നിന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ മെയിലിലേയ്ക്ക് ഒരു സന്ദേശം വന്നു. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കണമെന്നും ഇതിനായി അമേരിക്കന്‍ കമ്പനിയായ ജെറോം നെപ്പോളിയനെയാണ് ചുമതല ഏല്‍പിച്ചെന്നും പറഞ്ഞുകൊണ്ടുള്ള ഒരു മെയിലായിരുന്നു ഖത്തര്‍ മ്യൂസിയത്തിലേയ്ക്ക് എത്തിയത്.
പത്തു ചിത്രങ്ങള്‍ വരയ്ക്കാന്‍ പത്തു കോടി നാല്‍പതു ലക്ഷം രൂപയാണ് കമ്പനിയ്ക്ക് പ്രതിഫലമെന്നും, അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം ഉടന്‍ കൈമാറണമെന്നും ഖത്തര്‍ മ്യൂസിയത്തിലേയ്ക്ക് വന്ന ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഖത്തര്‍ രാജകുടുംബത്തില്‍ നിന്നുള്ള ഇമെയില്‍ ആയതിനാല്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥര്‍ക്ക് ഇതിനെ കുറിച്ച് ഒരു സംശയവും തോന്നിയതുമില്ല. ഒട്ടും സംശയിക്കാതെ തന്നെ ഈ പണം അക്കൗണ്ടിലേക്ക് കൈമാറി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പണം കൈമാറിയത്.
ഇതിനുശേഷം അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് തട്ടിപ്പാണെന്ന് ഖത്തറിലെ ഐ.ടി. വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് പണം പോയത് കൊടുങ്ങല്ലൂരിലെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് മനസിലായത്.
തട്ടിപ്പിന്റെ പിന്നിലെ ബുദ്ധി കേന്ദ്രമായ കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍മേനോന്‍ ദീര്‍ഘകാലം ഖത്തറിലായിരുന്നു. പിന്നെ നാട്ടില്‍ മടങ്ങിയെത്തി ചില ഓണ്‍ലൈന്‍ ബിസിനസ് ചെയ്തു. പുരാവസ്തു ചിത്രങ്ങള്‍ വില്‍ക്കുന്ന ഇടപാടും നടത്തി . പക്ഷേ ഇതൊന്നും വിജയിച്ചില്ല. സുനില്‍ മേനോന്റെ ഖത്തറിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഖത്തര്‍ മ്യൂസിസത്തിലെ ഉദ്യോഗസ്ഥരുടെ ഇമെയില്‍ വിലാസം സംഘടിപ്പിച്ചത്. പിന്നെ ഖത്തര്‍ രാജകുടുംബത്തിന്റെ വിലാസവും കണ്ടെത്തി. അങ്ങനെയാണ് ജെറോം നെപ്പോളിയന്‍ എന്ന പേരില്‍ ഒരു വ്യാജ ഇമെയിലിന് കളമൊരുങ്ങിയത്
Read Also : നീരവ് മോദിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാങ്ക്
സാധാരണയായി ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ഇമെയിലില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് ഇമെയില്‍ അയയ്ക്കണമെങ്കില്‍ ആ സ്ഥാപനത്തിന്റെ ഇമെയില്‍ ഹാക്ക് ചെയ്യണം. എന്നാല്‍ ഈ വഴി തെരഞ്ഞെടുക്കാതെ സുനില്‍മേനോന്‍ ഒരു ആപ്പ് വഴിയാണ് രാജകുടുംബത്തിന്റെ പേരില്‍ മ്യൂസിയത്തിലേയ്ക്ക് മെയില്‍ അയച്ചത്. ഈ ആപ്പിലൂടെ ആരുടെ പേരില്‍ വേണമെങ്കിലും ഇമെയില്‍ അയയ്ക്കാം. അങ്ങനെ, ഖത്തര്‍ രാജകുടുംബത്തിന്റെ പേരിലുള്ള ഇമെയില്‍ ഈ ആപ്പില്‍ അടിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ മെയിലിലേയ്ക്ക് അയച്ചു. എന്നാല്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ ഇമെയില്‍ കണ്ടപ്പോള്‍ അത് രാജകുടുംബത്തിന്റെ മെയിലാണെന്ന് കരുതുകയായിരുന്നു. അത് തട്ടിപ്പാണെന്ന് തിരിച്ചറിയാതെ 5 കോടി 20 ലക്ഷം രൂപ വ്യാജമെയിലില്‍ പറഞ്ഞ അക്കൗണ്ടിലേയ്ക്ക് കൈമാറുകയായിരുന്നു.
Post Your Comments