ദുബായ്: ദുബായില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്പനി പൊട്ടിയതോടെ ചെക്ക് കേസുകളിലകപ്പെട്ട് ജീവിതം വഴിമുട്ടിയത് വീട്ടമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ്. ദുബായിലെ അഡ്വര്‍ടൈസ്മെന്റ് കമ്പനി അടച്ചുപൂട്ടിയതോടെ രണ്ട് കോടിയിലധികം കടബാധ്യത വരികയും ഒരിക്കലും അടയ്ക്കാന്‍ നിവര്‍ത്തിയില്ലെന്ന് കണ്ട് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തൃശൂര്‍ നെടപുഴ സ്വദേശി രാഖിയാണ് ദുരിതകയത്തിലകപ്പെട്ടിരിക്കുന്നത്. ദുബായി വര്‍ഖയിലാണ് ഭിന്നശേഷിക്കാരനായ ഇളയമകനടക്കം രണ്ട ആണ്മക്കളുമായി ഈ നാല്പതുകാരി താമസിക്കുന്നത്. അഡ്വര്‍ടൈസിങ് കമ്പനി പൊട്ടുകയും ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തതോടെ എല്ലാം നേരിടാന്‍ രാഖി ഒറ്റയ്ക്ക് മാത്രം.
ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി വാങ്ങിയ എട്ട് ലക്ഷത്തിലേറെ ദിര്‍ഹം തിരികെ നല്‍കാനുണ്ട്. കൂടാതെ, ഒന്നര ലക്ഷത്തോളം ദിര്‍ഹത്തിന്റെ രണ്ട് ചെക്കു കേസുകള്‍,എല്ലാം കൂടി എങ്ങനെ പരിഹരിക്കും എന്നറിയാതെ വിഷമിക്കുകയാണ് ഈ കൊച്ചുകുടുംബം. 17 വര്‍ഷം മുന്‍പ് വിവാഹിതയാകുമ്പോള്‍ രാഖിയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.സ്കൂള്‍ ടീച്ചറായി ജീവിതം തുടങ്ങിയ രാഖിയുടെ ആദ്യനാളുകള്‍ സന്തോഷഭരിതമായിരുന്നു. മൂത്ത കൂട്ടി നോയല്‍. 15 വയസുകാരനായ ഇളയ മകന് ആഷ്ലി ഭിന്നശേഷിക്കാരനാണ്.
2012 ലാണ് ദമ്പതികള്‍ പങ്കാളികളായി അഡ്വര്‍ടൈസിങ് കമ്പനി തുടങ്ങുന്നത്. പലരോടും കടം വാങ്ങിയായിരുന്നു സംരംഭം.എന്നാല്‍ ഒരുവര്‍ഷത്തിനിടെ ഭര്‍ത്താവിനുണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും അഡ്വര്‍ട്ടൈസിങ് കമ്പനി തകിടം മറിയുകയും ചെയ്തു.ചെക്കുകളൊക്കെ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. തുടര്‍ന്ന് രണ്ട് കമ്പനികള്‍ കോടതിയെ സമീപിച്ചു. മറ്റൊരു ചെക്ക് കേസില്‍ ഭര്‍ത്താവ് നാല് ദിവസം ജയിലിലുമായി. രാഖിയുടെ പാസ്പോര്‍ട്ട് ജാമ്യത്തില്‍ വച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത്. ബന്ധുക്കള്‍ കടമായി നല്കിയ പണമുപയോഗിച്ച് ഒരു കേസ് ഒത്തുതീര്‍പ്പാക്കി. ഇടയ്ക്ക് മറ്റൊരാള്‍ പാര്‍ട്ണറായി എത്തി. പക്ഷേ, വൈകാതെ തന്റെ ഓഹരി തിരിച്ചുതരികയോ, അല്ലെങ്കില്‍ കമ്പനി തന്റെ പേരില്‍ തന്നെ എഴുതിത്തരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് രാഖിയുടെ അമ്മാവന് നാട്ടില്‍ അദ്ദേഹത്തിന് പണം കൈമാറി. മറ്റുള്ളവരുടെ കടമൊന്നും തിരിച്ചു നല്കാനാകാത്തതിനാല് ബന്ധുക്കളുമായുള്ള ബന്ധം മോശമായതായി രാഖി പറയുന്നു.
ഇതിനിടെ കൂനിന്മേല് കുരു പോലെ ഭര്‍ത്താവ് രാഖിയെയയും കുട്ടികളെയും ഉപേക്ഷിച്ചുപോയി. ഇതിനിടെ പ്ലസ് ടുവിന് പഠിക്കുകയായിരുന്ന മൂത്ത മകന്റെ പഠനം കുഴപ്പത്തിലായതോടെ പരീക്ഷയില്‍ തോറ്റു. വീട്ടുവാടക പലപ്പോഴും മുടങ്ങുന്നു. ഇളയമ മകന് ആഷ്ലി ആരോഗ്യ പ്രശ്നം കാരണം ഇതുവരെ സ്കൂളിലും പോയിട്ടില്ല. മക്കളുടെ വീസ അവസാനിച്ചിട്ട് മൂന്നു വര്‍ഷമായി. പരിചയക്കാരുടെ സഹായത്തോടെയാണ് കുടുംബം ജീവിതച്ചെലവുകള്‍ നടത്തിപ്പോകുന്നത്.എങ്ങനെയങ്കിലും ചെക്കുകേസുകല് തീര്‍ത്ത് നാട്ടില്‍ പോയാല്‍ മതിയെന്നാണ് രാഖിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.
Post Your Comments