Editor's Choice

പോലീസുകാരെ കുറ്റം പറയുന്നവർ ഈ ലിസ്റ്റ് ഒന്ന് വായിക്കണേ

ജോഷിയുടെ സംവിധാനത്തിൽ ദിലീപ് കലാശാല ബാബു കാവ്യാ മാധവൻ കൂട്ട്‌കെട്ടിൽ ഇറങ്ങിയ ചിത്രം ലയൺ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. ക്ലാസ് മുറിയിൽ കയറി അധ്യാപകനെ വെട്ടിക്കൊന്ന, കേരള രാഷ്ട്രീയത്തിലെ ചില ഏടുകൾ അവതരിപ്പിച്ച ഒരു ചിത്രമാന് ലയൺ. ഈ ചിത്രത്തിൽ ദിലീപ് വിലവീശി ആഭ്യന്തര മന്ത്രി സ്ഥാനം സ്വന്തമാക്കി കഴിയുമ്പോൾ കുടുംബത്തിലെ പറമ്പിലെ തേങ്ങാ മോഷണം തടയാനും വീട്ടിലെ തുണി അലക്കാനും പോലീസിനെ വിട്ടു താരാൻ ആവശ്യപ്പെടുന്നതും മുൻപ് അവർ ചെയ്തത് പറയുന്നതും നമ്മൾ കേട്ട് കയ്യടിച്ചു. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ ദാസ്യ പണിക്കാരായി കേരള പോലീസ് മാറിയിരിക്കുകയാണെന്ന് തെളിവുകൾ.

പട്ടിയെ കുളിപ്പിക്കാനും കുട്ടികളെ സ്‌കൂളിലേക്ക്‌ കൊണ്ടാക്കാനും സാധനം വാങ്ങിക്കൊടുക്കാനും തന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്ന കേരളത്തിന്റെ ഭരണ നിയമ പാലകർ. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ തന്റെ കർത്തവ്യം പൂർണ്ണമായും നടപ്പിലാക്കും എന്നും പ്രതിജ്ഞ എടുത്തുകൊണ്ടു ജോലിയിൽ പ്രവേശിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ തങ്ങളുടെ മേലധികാരികളുടെ വീട്ടു ജോലി ചെയ്യേണ്ടവരാണോ ? എന്നാൽ ഇതിനെതിരെ ആരും ശബ്ദിക്കാത്തത് എന്താണ് ? പൊലീസ് ഉദ്യോഗസ്ഥര്‍ അന്യായമായി കൈവശം വച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളും സ്വകാര്യ സുരക്ഷയ്‌ക്കെന്ന പേരില്‍ കൂടെ നിര്‍ത്തിയിരുന്ന ക്യാമ്പ് ഫോളോവേഴ്‌സിനെയുമെല്ലാം കെ ജെ ജോസഫ് ഡിജിപി ആയിരുന്ന കാലത്ത് തിരികെ വിളിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ കാലത്തിനു ശേഷം അടുത്തയാൾ എത്തിയതോടെ വീണ്ടും ദാസ്യ പണി പുനർജീവിച്ചു.

ഐപിഎസ്സുകാരുടെ വീടുകളില്‍ അന്യായമായി നിര്‍ത്തിയിരിക്കുന്ന രണ്ടോ മൂന്നോ പൊലീസുകാർ ഉണ്ടാകും. അതിൽ സംശയം വേണ്ട. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ഉയർന്ന ഉദ്യോഗസ്ഥൻ വീട്ടു ജോലിയ്ക്ക് നിർത്തിയ പോലീസുകാരൻ പറഞ്ഞ കാര്യങ്ങൾ ചെയ്യാത്തതിന്റെ പേരിൽ ഉപദ്രവിക്കപ്പെട്ടത് മാധ്യമങ്ങൾ മറന്നു കാണില്ല. അതിന്റെ തുടർച്ച തന്നെയാണ് എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ നിന്നും ഒരു പൊലീസുകാരന് ക്രൂരത ഏല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്തയും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്റയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. എന്നാൽ ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് ആണോ? എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ഒരുങ്ങിനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഒരിക്കൽ ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര കസേരയിൽ ഇരുന്ന വ്യക്തിയല്ലേ … സ്വന്തം ഡിപ്പാർട്മെന്റിൽ എത്ര ജോലിക്കാർ ഉണ്ട്? അവർ ഏതേതു നിയമനങ്ങളിൽ എവിടെയെല്ലാം ജോലി ചെയ്യുന്നു… അറിയുമോ ഇവർക്ക് ? പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ നിന്നൊക്കെ ധാരാളം ട്രെയിനികള്‍ ഏമാന്മാരുടെ അടുക്കളയിലും പൂന്തോട്ടത്തിലുമൊക്കെ പണിയെടുക്കാന്‍ പോയിട്ടുണ്ട്.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതും സര്‍ക്കാര്‍ നിയോഗിക്കുന്നതുമായ പൊലീസുകാരുടെ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. അല്ലാതെ തന്റെ മേലുദ്യോഗസ്ഥന്റെ വീട്ടുപണി ചെയ്യാനല്ല. ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ക്ക് പേഴ്‌സണല്‍ സെക്യൂരിറ്റി/ ഓഫീസ് സഹായി എന്നീ നിലകളില്‍ ഒന്നോ രണ്ടോ പേരെ നിയോഗിക്കാമെന്നത് നിയമം അനുവദിക്കുന്നുണ്ട്. ആദ്യകാലത്ത് ഇവര്‍ ഓര്‍ഡര്‍ലി എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍മാരാണ്. ഡിവൈഎസ്പി വരെയുള്ളവര്‍ക്ക് ഒരാളും എസ് പി മുതല്‍ മുകളിലോട്ട് രണ്ടു പേരെയുമാണ് ഇത്തരത്തില്‍ ഉപയോഗിക്കാവുന്നത്. ഓഫീസിലെ ഡ്യൂട്ടിക്ക് ഐപിഎസ്സുകാര്‍ക്ക് പരമാവധി മൂന്നുപേരെ വരെ ഉപയോഗിക്കാം. അതിനു മുകളില്‍ ആളുകളെ വേണമെങ്കില്‍ മുകളില്‍ നിന്നും അനുമതി വാങ്ങണം. ഇത് ആണോ ഇന്ന് കേരളത്തിൽ നടക്കുന്നത് ?

                             മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ചിലപ്പോൾ കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. നമ്മുടെ സംസ്കാരവും നിലനിൽക്കുന്ന രീതികളുമൊക്കെ വ്യത്യസ്തമാണ്. മറ്റ് പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ചിലപ്പോൾ കേരളത്തിലെത്തുമ്പോൾ കൾച്ചറൽ ഷോക്ക് ഉണ്ടാകുന്നു. കേരളത്തിൽ എല്ലാവരും തുല്യരാണ്. എന്നാൽ ചില ഉദ്യോഗസ്ഥർക്ക് ഇവിടുത്തെ രീതികൾ മനസിലാവില്ല. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ പറയുന്നു.

അപ്പോൾ നമ്മുടെയും അവരുടെയും സംസ്കാരത്തെ കുറ്റം പറഞ്ഞുകൊണ്ട്  ഈ വിഷയം നമുക്ക് തീർക്കാം അല്ലെ !! എന്നാൽ ഉന്നത പൊലീസുകാരുടെ വീട്ടില്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരില്‍ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ വരെ പൊലീസുകാരുണ്ടെന്ന് ഒരു വര്‍ഷം മുന്‍പ് പൊലീസ് ശേഖരിച്ച പട്ടിക സ്ഥിരീകരിക്കുന്നു. എംപിമാരായ വയലാര്‍ രവി, കെ.വി.തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം രണ്ടു പൊലീസുകാരുള്ളപ്പോള്‍ എ.കെ.ആന്റണിക്കൊപ്പമുള്ളത് ആറു പേരാണ്.

pinarayi-chennithalaപി.പി.തങ്കച്ചന്‍, പി.ജയരാജൻ തുടങ്ങിയവര്‍ക്കു പുറമെ സിപിഎമ്മിന്റെ ഓര്‍ക്കാട്ടേരി, നാദാപുരം എന്നിവിടങ്ങളിലെ ഏരിയാ സെക്രട്ടറിമാര്‍ക്കും രണ്ടു പൊലീസുകാര്‍ ഒപ്പമുണ്ട്. ചുരുക്കത്തില്‍ മന്ത്രിമാരടക്കം രാഷ്ട്രീയക്കാര്‍ കൈവശം വച്ചിരിക്കുന്നത് 276 പൊലീസുകാരെയാണ്. 87 ജഡ്ജിമാര്‍ക്കായി 146 പൊലീസുകാര്‍ അവരുടെ വീടുകളില്‍ ജോലി നോക്കുന്നു. ഇതിനും വിളിപ്പേര് സുരക്ഷാ ചുമതല. പഴ്സനല്‍ സ്റ്റാഫായി നിയോഗിക്കുന്ന പൊലീസുകാരന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്കൊപ്പം നില്‍ക്കരുതെന്നാണു ചട്ടം. എന്നാല്‍ പലരും വര്‍ഷങ്ങളായി ഒരേ നേതാവിന്റെ ഒപ്പമാന് പ്രവർത്തിക്കുന്നത്. കൂടാതെ പഴ്സനല്‍ സെക്യൂരിറ്റിക്കായി സ്വന്തം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആളെ നിയോഗിക്കരുതെന്ന ചട്ടമുണ്ട് . ഇതും ഇവിടെ പാലിക്കപ്പെടുന്നില്ല. !!

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button