കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടു നല്‍കുമെന്ന വാഗ്ദാനത്തില്‍നിന്ന് മുസ്ളീം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുസ്ളീം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ അറിയിച്ചു. രാധിക വെമൂലയ്ക്ക് വീട് വെക്കാൻ സാമ്പത്തികമായി സഹായിക്കാമെന്ന മുസ്ലീം ലീഗിന്‍റെ വാഗ്ദാനം രണ്ട് വര്‍ഷം പിന്നിട്ടിട്ടും പാലിച്ചില്ലെന്ന് രാധിക വെമുല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2016 ജനുവരിയിൽ രോഹിത് വെമുല മരിച്ചപ്പോൾ വീടു വെക്കാൻ 20 ലക്ഷം തരാമെന്നു പറഞ്ഞ് മുസ്ലിം ലീഗ് പറ്റിച്ചെന്നാണ് രാധിക വെമുലയുടെ ആരോപണം. ഈ വാഗ്ദാനം നൽകി മാധ്യമങ്ങളിൽ ഇടം നേടിയതല്ലാതെ പണം നൽകുകയുണ്ടായില്ലെന്ന് രാധിക വെമൂലയെ ഉദ്ധരിച്ച് ന്യൂസ്മിനിറ്റ്.കോം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തങ്ങൾ സാമ്പത്തികമായി ഏറെ താഴ്ന്നു നിൽക്കുന്നവരാണെന്ന് അറിഞ്ഞാണ് കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ തന്നെ വന്നു കണ്ട് വാഗ്ദാനം നൽകിയതെന്നും രാധിക പറഞ്ഞു.
പക്ഷെ, അത് വെറും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയായിരുന്നുവെന്നും വീട് വെച്ചു തരാൻ അവർക്ക് പരിപാടിയുണ്ടായിരുന്നില്ലെന്നും രാധിക വിശദീകരിച്ചു. രാധിക വെമുലയ്ക്ക് വീടു വെച്ച് നൽകാനായി കൊപ്പുരവൂരു എന്ന സ്ഥലത്ത് ഭൂമി കണ്ടു വെച്ചിട്ടുണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തനിക്ക് ഇതിന്റെ പേരിൽ രണ്ട് ചെക്കുകൾ തന്നെന്നും അവ വണ്ടിച്ചെക്കുകളായിരുന്നെന്നും രാധികാ വെമുല പറഞ്ഞു.എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ മുസ്ളീം ലീഗ് രംഗത്തെത്തിയത്. വീടുവാങ്ങാന്‍ രാധിക വെമുലക്ക് അഡ്വാന്‍സ് തുകയാണ് നല്‍കിയത്.
രജിസ്ട്രേഷന്‍ നടക്കുന്ന മുറക്ക് മുസ്ളീം ലീഗ് മുഴുവന്‍ തുകയും നല്‍കും. രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുലയുമായി ഇൗ വിഷയത്തില്‍ നിരന്തരമായി സംസാരിക്കാറുണ്ടെന്നും ആശയക്കുഴപ്പമോ വിശ്വാസക്കുറവോ അവര്‍ക്ക് ലീഗിനോടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചെക്കുകൾ ബൗൺസായത് ക്ലറിക്കൽ പിഴവു കൊണ്ടാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ രോഹിത് മരിച്ച് ദിവസങ്ങള്‍ക്കകം കുടുംബത്തിന് വീട് വയ്ക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്നാണ് ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചത്.
Post Your Comments