തടാക മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന അത്ഭുത ക്ഷേത്രങ്ങളില്‍ ഒന്നാണ് കാസർഗോഡ് ജില്ലയിലെ അനന്തപുരം തടാകക്ഷേത്രം. കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനു സ്വന്തം.തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന രീതിയില്‍ പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുതല.
തടാകത്തിന്റെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഭക്തരെ എന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ബാബിയ എന്ന മുതല. ശർക്കരയും അരിയും ക്ഷേത്രത്തിലെ പ്രസാദവുമല്ലാതെ ഈ മുതല മറ്റൊന്നും ഭക്ഷിക്കാറില്ല. ക്ഷേത്രകുളത്തിലെ മീനുകളെ പോലും ഭക്ഷിക്കാത്ത ഈ മുതലയെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും ദർശിക്കാൻ പറ്റിയെന്ന് വരില്ല. എത്ര സൂക്ഷിച്ച് നോക്കിയാലും ബാബിയെ ചിലപ്പോൾ കണ്ടെന്ന് വരില്ല. ബാബിയെ കാണാൻ സാധിച്ചുവെങ്കിൽ അതവരുടെ ഭാഗ്യവും പുണ്യവുമായി കണക്കാക്കുന്നവരാണ് ഇവിടുത്തെ ഭക്തജനങ്ങൾ.
വില്ല്വമംഗലം സ്വാമിയായിരുന്നു ഈ ക്ഷേത്രത്തിലെ പൂജാരിയെന്നു ഐതീഹ്യം. പൂജാ കാര്യങ്ങളില്‍ ഇദ്ദേഹത്തെ സഹായിക്കാനായി ഒരു കുട്ടിയുണ്ടായിരുന്നു. ഈ കുട്ടി വളരെ വികൃതിയായിരുന്നു. ഒരു ദിവസം പൂജാവേളയിൽ വികൃതി കാണിച്ച കുട്ടിയെ പൂജാരി തള്ളിമാറ്റി. ഇതെതുടർന്ന് ദേഷ്യം വന്ന ബാലൻ അടുത്തുള്ള ഗുഹയിലേക്ക് കേറിപോവുകയായിരുന്നു. പിന്നീട് ഈ ബാലനെ കണാൻ പൂജാരിക്ക് സാധിച്ചില്ല. മഹാവിഷ്ണുതന്നെയായിരുന്നു തന്റെ പക്കലുണ്ടായിരുന്നത് എന്നു മനസിലാക്കിയ പൂജാരി മഹാവിഷ്ണുവിനെ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. അന്ന് ആ ബാലൻ മറഞ്ഞുവെന്ന് പറയുന്ന ആ ഭാഗം ഇന്നും ക്ഷേത്പപരിസരത്തായി കാണാം.
ശർക്കര, മെഴുക്, ഗോതമ്പ്, പൊടി, നല്ലെണ്ണ എന്നിവയെല്ലാം ചേർത്താണ് ഈ ക്ഷേത്ര വിഗ്രഹം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് കാവലായിട്ടാണ് മുതല ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്.
Post Your Comments