Gulf

വിദേശ ജനസംഖ്യയുടെ കണക്കുകള്‍ പുറത്തുവിട്ട് ഒമാന്‍

മസ്‌കറ്റ്: വിദേശ ജനസംഖ്യയുടെ കണക്കുകള്‍ പുറത്തുവിട്ട് ഒമാന്‍. പുറത്തുവിട്ട കണക്കുകള്‍പ്രകാരം വിദേശി ജനസംഖ്യ കുറഞ്ഞതായാണ് കണക്കുകള്‍. ജൂണ്‍ 16വരെയുള്ള കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 43000 പേരുടെ കുറവാണുള്ളത്. 20,35,952 ലക്ഷം വിദേശികളാണ് നിലവില്‍ ഒമാനിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം മൊത്തം ജനസംഖ്യയില്‍ ഇക്കാലയളവില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 45,82,082 ലക്ഷമായിരുന്നത് ഇക്കുറി 46,12,824 ലക്ഷമായാണ് വര്‍ധിച്ചത്. 30,742 പേരുടെ വര്‍ധനയുണ്ടായി. സ്വദേശി ജനസംഖ്യയിലാണ് വര്‍ധനയുണ്ടായത്.

അടുത്തിടെ വിദേശി ജനസംഖ്യയില്‍ കുറവ് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് നിരവധി വിദേശി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോവുന്നുണ്ട്. ഇവരില്‍ പലരും വിസ റദ്ദാക്കാതെയാണ് നാട്ടില്‍ പോവുന്നത്. ഇങ്ങനെ വിസ പുതുക്കാന്‍ മാത്രം ഒമാനിലേക്ക് വന്ന് പോവുന്നവരുമുണ്ട്. അതിനാല്‍ ഇവര്‍ക്ക് റസിഡന്റ് കാര്‍ഡുകളുള്ളതിനാല്‍ ഇത്തരക്കാര്‍ രാജ്യം വിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.

സ്വദേശികള്‍ക്ക് ജോലി നല്‍കാനായി ഏര്‍പ്പെടുത്തിയ വിസാ നിരോധമാണ് വിദേശി ജനസംഖ്യ കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ട്. പത്ത് വിഭാഗങ്ങളിലായുള്ള 87 തസ്തികകളില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വിസാ വിലക്ക് മൂലം ഇവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചുവരാനും കഴിയുന്നില്ല.

ഒമാനില്‍ ഒരു കമ്പനിയില്‍നിന്ന് മറ്റൊന്നിലേക്ക് വിസ മാറുന്നതിന് കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ നിലവിലെ കമ്ബനികളില്‍ തൊഴില്‍ പ്രശ്നം അനുഭവിക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവുക മാത്രമാണ് മാര്‍ഗം. എണ്ണ വിലയിടിവ് മൂലം ഉടലെടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ നിരവധി കമ്പനികളുടെ നട്ടെല്ലൊടിച്ചിരുന്നു. നിര്‍മാണ കമ്പനികളെയാണ് ഈ പ്രശ്നം ഏറെ ബാധിച്ചത്. ഇതും വിദേശി ജനസംഖ്യ കുറയാന്‍ കാരണമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button