കോട്ടയം: കോട്ടയം ജില്ലക്കാര്‍ക്ക് ആശ്വസിക്കാം. പാലാ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തി. കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗത്തില്‍ നിന്നും പാലാ ജനറല്‍ ആശുപത്രിക്ക് ആധുനിക റേഡിയേഷന്‍ ചികിത്സാ സംവിധാനത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റേഡിയേഷന്‍ ചികിത്സ തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു. റേഡിയേഷന്‍ ചികിത്സയ്ക്ക് ആവശ്യമായ നൂതന ടെലി കൊബാള്‍ട്ട് മെഷീന്‍, ടെലി കൊബാള്‍ട്ട് സോഴ്‌സ്, റേഡിയേഷന്‍ സിമുലേറ്റര്‍, ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചത്.
ഈ സൗകര്യങ്ങള്‍ വരുന്നതോടുകൂടി നൂതന റേഡിയേഷന്‍ ചികിത്സകളായ ആര്‍ക്ക് തെറാപ്പി, ഐഎംആര്‍ടി, ത്രിഡി സിആര്‍ടി തുടങ്ങി ഒട്ടു മിക്ക റേഡിയേഷന്‍ ചികിത്സകളും ഇവിടെത്തന്നെ നല്‍കാന്‍ സാധിക്കും.ജനുവരി 2018 ല്‍ ആരംഭിച്ച കാന്‍സര്‍ ചികിത്സാ വിഭാഗം നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ഒരു വലിയ ആശ്വാസമാണ് നല്‍കിയത്. നിലവില്‍ ഈ വിഭാഗത്തില്‍ കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ടാര്‍ജെറ്റ് തെറാപ്പി എന്നീ ചികിത്സകള്‍ ലഭ്യമാണ്. ഇപ്പോള്‍ റേഡിയേഷന്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ മെഡിക്കല്‍ കോളജിലേക്കോ, ആര്‍സിസി യിലേയ്‌ക്കോ അയക്കുകയാണ് ചെയ്യുന്നത്. ഇത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഈ അവസരത്തിലാണ് ജോസ് കെ.മാണി എം.പിയുടെ പ്രത്യേക ശ്രമഫലമായി കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗത്തിന്റെ ഈ തുക പാലാ ജനറല്‍ ആശുപത്രിക്ക് ലഭിക്കുന്നത്.
Post Your Comments