കൊച്ചി: മൂന്നാര്‍ കയ്യേറ്റക്കാരുടെ വിവരങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശേഖരിച്ചത് ഏറെ കഷ്ടപ്പെട്ടായിരുന്നു. ഏറെ ഭീഷണികളും നേരിട്ടു. ഒടുവില്‍ എല്ലാം കിറു കൃത്യമായി കണ്ടെത്തി. ഫലമോ ശ്രീറാം വെങ്കിട്ടരാമനെ മൂലയ്ക്കിരുത്തുന്ന സ്ഥലം മാറ്റം. ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്.
സബ് കളക്റ്ററുടെ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് പൂര്‍ണമായി ഇല്ലാതായതോടെ വിവാദമായ മൂന്നാര്‍ കയ്യേറ്റങ്ങളില്‍ തുടര്‍നടപടി ഇതോടെ സാധ്യമല്ലാതായി. വിവരാവകാശ പ്രകാരം ഫയലിന്റെ പകര്‍പ്പിനായി അപേക്ഷിച്ചപ്പോഴാണ് റിപ്പോര്‍ട്ട് ലഭ്യമല്ലെന്ന മറുപടി സബ് കളക്റ്റര്‍ ഓഫീസില്‍ നിന്ന് ലഭിച്ചത്. ഇതേ ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു റവന്യു വകുപ്പില്‍ നല്‍കിയ അപേക്ഷയില്‍ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും അന്തിമ തീരുമാനമെടുത്തു തിരികെ ലഭിച്ചാല്‍ മാത്രമേ പകര്‍പ്പു നല്‍കാന്‍ കഴിയു എന്നും മറുപടി ലഭിച്ചു.
സര്‍ക്കാരിന്റെ ഏതു ഫയല്‍ ആയാലും അതു തയാറാക്കിയ ഓഫിസില്‍ അതിന്റെ പകര്‍പ്പെങ്കിലും സൂക്ഷിക്കണമെന്നാണു ചട്ടം. റിപ്പോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്തു ഫയല്‍ അപ്പാടെ ചോദിച്ചുവാങ്ങിയെങ്കില്‍ അക്കാര്യം അപേക്ഷകനെ അറിയിക്കണം. അങ്ങനെ മറുപടിയില്ലാത്തതിനാല്‍ ഫയല്‍ നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യതയെന്നാണ് ആരോപണം.
വന്‍കിടക്കാരുടേത് ഉള്‍പ്പെടെ മൂന്നാര്‍ കയ്യേറ്റങ്ങളുടെ വിശദമായ പട്ടികയും അത് ഒഴിപ്പിക്കാനെടുത്ത നടപടികളുമാണു രണ്ടുഘട്ടമായി അന്നത്തെ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം. സബ് കലക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നു സിപിഎമ്മും റിപ്പോര്‍ട്ടില്‍ നടപടി വേണമെന്നു സിപിഐയും നിലപാടെടുത്തിരുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് സബ് കളക്ടറെ മൂലയ്ക്കിരുത്തുകയായിരുന്നു.
Post Your Comments