തിരൂർ: തിരൂർ-ചമ്രവട്ടം റോഡിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യവേ റോഡിലെ കുഴിയിൽവീണ് ഭാര്യ മരിച്ച സംഭവത്തിൽ പോലീസ് ഭർത്താവിനെ പ്രതിയാക്കി കേസെടുത്തതായി പരാതി. മരിച്ച ഷാജിതയുടെ ഭർത്താവ് മംഗലം പട്ടണംപടി സ്വദേശി മുളക്കൽ അബ്ദുൾഗഫൂറിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ മരിച്ച യുവതിയുടെ സഹോദരൻ പോലീസിനെതിരെ രംഗത്തെത്തി.
സഹോദരി ഷാജിത ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിലുള്ള കുഴിയിൽ ബൈക്ക് ചാടി റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന് മൊഴിനൽകിയത്.എന്നാൽ പോലീസിന്റെ എഫ്.ഐ.ആറിൽ ഭർത്താവ് അശ്രദ്ധമായും ജാഗ്രതയില്ലാതെയും മോട്ടോർസൈക്കിൾ ഓടിച്ച് ഗട്ടറിൽ ചാടിച്ച് ഷാജിത റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു മരിച്ചു എന്നാണ് രേഖപ്പെടുത്തിയത്.
അപകടത്തിനു കാരണമായ ചമ്രവട്ടം റോഡിലെ കുഴി നികത്താത്തതിനെതിരേ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. റോഡിൽ കുഴിയുണ്ടായത് റോഡ് നിർമാണത്തിലെ അപാകത കാരണമാണെന്നും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേയാണ് പോലീസ് കേസെടുക്കേണ്ടതെന്നും വീട്ടമ്മയുടെ ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞദിവസമാണ് അബ്ദുൾഗഫൂറിന്റെ ഭാര്യ തിരൂർ മുത്തൂർ സ്വദേശി ചന്ദ്രോത്തിൽ ഷാജിത അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത്.
Post Your Comments