ഫറോക്ക് : കോഴിക്കോട് അരക്കിണറില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പതിനാറുകാരന്‍ അറസ്റ്റില്‍. വീട്ടിൽ 20 രൂപ ചോദിച്ച് എത്തിയ പതിനാറുകാരന്‍ പേഴ്‌സിൽ 500 രൂപയുടെ രണ്ട് നോട്ടുകൾ കണ്ടതോടെ ആമിനയെ ആക്രമിച്ച് പണം തട്ടാൻ നോക്കുന്നതിനിടയിലായിരുന്നു കൊലപാതകം.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മാപ്പിളപ്പാട്ട് ഗായകന്‍ കെ.എം.കെ വെള്ളയിലിന്റെ ഭാര്യ ആമിനയെ (65) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഉളിപോലുള്ള ആയുധം കൊണ്ട് മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍നിന്ന് രക്തംവാര്‍ന്നതാണ് മരണകാരണം. തലയിലും മുഖത്തും കൈയിലുമടക്കം 15ഓളം മുറിവുകളുണ്ടായിരുന്നു.
ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി.ഐ സതീശന്റെ നേതൃത്തത്തിലായിരുന്നു കേസ് അന്വേഷണം . പോലീസിന്റെ ചോദ്യം ചെയ്യലിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്. ശനിയാഴ്ച ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിഭാഗം, സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു.
ആമിനയുടെ വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല . മകള്‍ റുക്‌സാനയുടെ മകന്‍ ശനിയാഴ്ച പകല്‍ ഒന്നരയോടെ വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആമിനയെ കണ്ടെത്തിയത് . ഉടന്‍ അടുത്ത വീട്ടുകാരെ വിളിച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Post Your Comments