Health & Fitness

ശീര്‍ഷാസനം: ആസനങ്ങളുടെ രാജാവ്

വ്യായാമമുറകളായി ധാരളം യോഗാ മുറകളുണ്ട്. അവയിൽ ഒന്നാണ് ശീര്ഷാസനം. തല നിലത്തുറപ്പിച്ച് നില്‍ക്കുന്ന ആസനാവസ്ഥയാണ് ഇത്. സംസ്കൃതത്തില്‍ ‘ശീര്‍ഷം’ എന്ന് പറഞ്ഞാല്‍ തല എന്നാണ് അര്‍ത്ഥം. കുണ്ടലിനീ ഊര്‍ജത്തെ ഉണര്‍ത്തി വീര്യം അഥവാ ലൈംഗീക ഊര്‍ജ്ജത്തെ ഓജസ്സ് ആക്കി മാറ്റുന്ന ഈ യോഗാ മുറ ആസനങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു .

ഈ ആസനം ആറ് ഘട്ടങ്ങളായി ചെയ്യണം.

ഒന്നാം ഘട്ടം – വജ്രാസനത്തില്‍ ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈമുട്ടുകള്‍ തോളുമായി യോജിപ്പില്‍ അസ്വസ്ഥത തോന്നാത്ത നിലയില്‍ തറയില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുപിടിച്ച് അവയും തറയില്‍ വയ്ക്കുക. ശിരസിനു മുകള്‍ഭാഗം കൈത്തലങ്ങള്‍ക്കു തൊട്ടരികിലായി തറയില്‍ വയ്ക്കണം.

രണ്ടാം ഘട്ടം – ചേര്‍ത്തുവച്ച കൈത്തലങ്ങള്‍കൊണ്ട് ശിരസിനു ബലമായി താങ്ങുക. ശരീരം പുറകോട്ടു മറിയാത്തവിധം ഭാരമപ്പാടെ കൈകളില്‍ താങ്ങിവയ്ക്കണം. കാല്‍വിരലുകള്‍ നിലത്തൂന്നി കാല്‍മുട്ടുകള്‍ ഉയര്‍ത്തുക. കാല്‍വിരലുകള്‍ അനക്കാതെ കാലുകള്‍ നേരേയാക്കുക. സാവധാനത്തില്‍ ശരീരഭാഗം ശിരസ്സിലേക്കു കൊണ്ടുവരുവാന്‍ തുടങ്ങുക.

SHIRSHASANA എന്നതിനുള്ള ചിത്രം

മൂന്നാം ഘട്ടം – കാല്‍മുട്ടുകള്‍ മടക്കി കാല്‍വിരലുകള്‍ ശിരസിനു സമീപത്തേക്കു കൊണ്ടുവരുവാന്‍ ശ്രമിക്കുക. പുറം വളയ്ക്കാന്‍ പാടില്ല. കാലുകള്‍ മടക്കി ഉദരത്തിനു മുന്നിലായി വച്ചുകൊണ്ട്, തുടകള്‍ ഉദരത്തിന്റെയും നെഞ്ചിന്റെ കീഴ്ഭാഗത്തിന്റെയും നേരെ തള്ളിപ്പിടിക്കുക. കാല്‍വിരലുകള്‍ തറയില്‍നിന്നുയര്‍ത്തി ശരീരഭാരമപ്പാടെ ശിരസ്സിലേക്കു കൊണ്ടുവരിക. ശരീരം തല കീഴാക്കിവച്ച് കൈകളിഭ്വും ശിരസ്സിലുമായി തുലനം ചെയ്തു നിര്‍ത്തുക.

നാലാം ലട്ടം – നിതംബം ഉയര്‍ത്തുക. മടക്കിവച്ച കാലുകള്‍ ശരീരത്തില്‍നിന്ന് അകറ്റിക്കൊണ്ട് മടക്കിയ രീതിയില്‍ തന്നെ തറയ്ക്കു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കുക. ശരീരത്തെ തുലനം ചെയ്ത് നിര്‍ത്തുക.

അഞ്ചാം ഘട്ടം – കാല്‍മുട്ടുകശ് മടക്കിവച്ചത് നിറ്വര്‍ക്കാതെ മുകള്‍ഭാഗം നേരേ മുകളിലേക്ക് ലംബമായി ഉയര്‍ത്തുക. ഈ നിലയില്‍ ശരീരം തലകീഴായും നിവര്‍ന്നുമിരിക്കുന്നു.

SHIRSHASANA എന്നതിനുള്ള ചിത്രം

ആറാം ഘട്ടം – കാല്‍മുട്ടുകള്‍ താഴേക്കുള്ള ഭാഗം നിവര്‍ത്തി മുകളിലേക്കാക്കുക. ഇപ്പോള്‍ ശരീരഭാഗം മുഴുവനും ശിരസ്സിന്മേല്‍ വരുന്നു. ശരീരം വളയാതെ നില്‍ക്കുന്നുവോയെന്ന് അറിയാന്‍ മറ്റൊരാളുടെ സഹായം തേടുക.

വജ്രാസനത്തിലായിരിക്കുമ്പോള്‍ ആഴത്തില്‍ ശ്വസിച്ചശേഷം ശ്വാസം പിടിച്ചുവച്ചുകൊണ്ട് ക്രിയ തുടങ്ങുക. ശീര്‍ഷാസനത്തിനു ശേഷം ശരീരം താഴ്ത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണപോലെ ശ്വസിച്ച് ആവുന്നത്ര നേരം ഈ നില തുടരുക. അര്‍ഞ്ചു മിനിട്ടു വരെ ഈ നിലയില്‍ തുടരുക എങ്കിലും ആത്മീയ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ക്രിയയുടെ സമയപരിധി ക്രമേണ വര്‍ദ്ധിപ്പിച്ച് അര മണിക്കൂര്‍ വരെ ആക്കണം. സഹസ്രാരചക്രത്തിലോ ശ്വസനത്തിലോ ശരീരസംതുലനത്തിലോ ഏകാഗ്രത അര്‍പ്പിക്കുക. ശീര്‍ഷാസനത്തിനു ശേഷം നിര്‍ബന്ധമായി താഡാസനവും ശവാ‌സനവും ചെയ്യണം. അല്ലെങ്കില്‍ ദൂഷ്യഫലങ്ങളുണ്ടാകും.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തലചുറ്റല്‍, ചുഴലി, ദഹനക്കേട്, തിമിരം, വെള്ളെഴുത്ത് എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

SHIRSHASANA എന്നതിനുള്ള ചിത്രം

പ്രയോജനങ്ങള്‍

ബ്രഹ്മചര്യം നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. എല്ലാ ശരീരഭാഗങ്ങള്‍ക്കും പുതിയൊരുണര്‍വ്വ് നല്‍കി ഊര്‍ജസ്വലമാക്കുന്നു. മാനസികമായ പല ക്രമക്കേടുകളുും നീക്കുന്നു. ആസ്ത്മ, തലവേദന, ജലദോഷം, ക്ഷീണം, ഗ്രന്ഥികളുടെയും ശരീരവ്യവസ്ഥകളുടെയും തകരാറുകള്‍ എന്നിവ പരിഹരിക്കുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏറെ നാളത്തെ പരിശ്രമം കൊണ്ട് പ്രാണായാമത്തില്‍ വൈദഗ്ദ്ധ്യം നേടി ഒരാള്‍ക്ക് സ്വയം സമാധിയിലെത്തിച്ചേരുന്നതിന് സാധിക്കുന്നു. ശീര്‍ഷാസനത്തിനുശേഷം താഡാസനം ചെയ്ത് അല്പനേരം ധ്യാനിക്കണം. ഇത് രോഗശാന്തിക്ക് വഴിതെളിക്കും. കൂടാതെ ശ്രവണശേഷി വര്‍ദ്ധിക്കുന്നു. അനശ്വരതയുടെ ദിവ്യപ്രതിധ്വനിയായ അനാഹതനാദം അനുഭവിക്കുവാന്‍ സാധിക്കുന്നു. അനേകം ആത്മീയ അനുഭവങ്ങളുടെ വാതായനങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നു. യോഗതത്ത്വോപനിഷത്ത് അടക്കമുള്ള പല പുരാതനഗ്രന്ഥങ്ങളിലും ഈ വസ്തുത വിശദീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button