ഗയ•കൂട്ടബലാത്സംഗത്തിനിരയായായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കി അനുഭവം വിവരിക്കാന്‍ പ്രേരിപ്പിച്ച ആര്‍.ജെ.ഡി ദേശീയ ജനറല്‍സെക്രട്ടറി അലോക് കുമാര്‍ മേഹ്ത്ത, എം.എല്‍.എ സുരേന്ദ്ര യാദവ് എന്നിവരടക്കം നിരവധി ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയോടൊപ്പം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ടി.വി.ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വേണ്ടി കൊണ്ട് പോകുമ്പോഴാണ് ആര്‍.ജെ.ഡി ഫാക്റ്റ് ഫൈന്‍ഡിംഗ് ടീം പോലീസ് വാഹനം തടഞ്ഞ് പെണ്‍കുട്ടിയെ പുറത്തിറക്കി നേരിട്ട ദുരനുഭവം വിവരിക്കാന്‍ ആവശ്യപ്പെടുകയും, ഒപ്പം പെണ്‍കുട്ടിയുടെ വ്യക്തിത്വം പരസ്യമാക്കിയതെന്നും പോലീസ് പറഞ്ഞു.
ബീഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആണ് ഫാക്റ്റ് ഫൈന്‍ഡിംഗ് ടീം രൂപീകരിച്ചത്.
ജൂണ്‍ 14 നാണ് ഗയ ജില്ലയില്‍ ഒരു സംഘം ആയുധധാരികളായ യുവാക്കള്‍ ഗൃഹനാഥനെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും 15 കാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സംഭവത്തില്‍ 20 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആര്‍.ജെ.ഡി ദേശീയ ജനറല്‍സെക്രട്ടറി അലോക് കുമാര്‍ മേഹ്ത്ത, ബെലാഗഞ്ച് എം.എല്‍.എ സുരേന്ദ്ര പ്രസാദ് യാദവ്, പാര്‍ട്ടി വനിതാ സെല്‍ സംസ്ഥാന പ്രസിഡന്റ് അഭലത, ആര്‍.ജെ.ഡി ജില്ല പ്രസിഡന്റ് മുര്‍ഷിദ് അലം, ആര്‍.ജെ.ഡി വനിതാ സെല്‍ ജില്ലാ പ്രസിഡന്റ് സരസ്വതി ദേവി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമ (പോക്സോ) ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് മെഡിക്കല്‍ പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഡി.ഐ.ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments