തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ മെഡിക്കൽ പരിശോധനാ ഫലം പുറത്ത്. മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍. മര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് സാരമായ പരുക്ക് ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകത്തും ഇടിച്ചതായാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇത് ശരി വെയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.കഴുത്തില്‍ വേദനയും നീര്‍ക്കെട്ടുമുണ്ട്. ഇത് മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടും എഡിജിപിയുടെ മകളുടെ പരാതിയില്‍ പോലീസ് ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നുവന്നു പരാതിയുണ്ട്. എഡിജിപി സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യയേയും മകളേയും സംഭവ ദിവസം പ്രഭാത സവാരിക്കായി ഡ്രൈവറായ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുവന്നത്.
വണ്ടിക്കുള്ളില്‍ വെച്ച് മകള്‍ ഗവാസ്‌കറെ ഫോണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗവാസ്‌കറടക്കമുള്ള പോലീസുകാര്‍ എഡിജിപിക്കെതിരെ ദാസ്യപ്പണിയെടുപ്പിക്കുന്നുവെന്ന ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. പട്ടിയെ കുളിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു പോലീസുകാരനെ സ്ഥലം മാറ്റിയതായും ഗവാസ്‌കര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Post Your Comments