Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടി

പാലക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തു.പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി. സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഓഫീസിൽ പോലീസുകാർ റെയ്‌ഡ്‌ നടത്തി. ഓഫീസ് ജീവനക്കാർ ഒളിവിലാണ്.

മലമ്പുഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍. തമിഴ്നാട് സ്വദേശികളാണ് കൂടുതൽ തട്ടിപ്പിനിരയായത്. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 25,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കിയ പലർക്കും മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് പലർക്കും മനസിലായത്.

തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. ജോലി ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്ന ആളുകളെ കണ്ടെത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് റെയ്‌ഡിൽ നൂറുകണക്കിന് പാസ്പോര്‍ട്ടുകളും രേഖകളും കണ്ടെടുത്തു. ഇതുവരെ ആരെയും ജോലിക്കായി വിദേശത്തേക്കയച്ചിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ മൊ‍ഴി നല്‍കിയിരിക്കുന്നത്. ഓഫിസിലെ കമ്പ്യൂട്ടറും സിസിടിവിയും പോലീസ് പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button