കേരളത്തിൽ ഒരുവശത്ത് പോലീസുകാർ ക്രൂരരാകുമ്പോൾ മറുവശത്ത് പോലീസുകാർ ക്രൂരത ഏറ്റുവാങ്ങുകയാണ്. അതിന് ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് നടന്ന സംഭവം. എഡിജിപിയുടെ ഡ്രൈവറായ പൊലീസുകാരൻ കാറിനുള്ളിൽ മദ്ദനമേറ്റ സംഭവം അത്ര നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. കാരണം ജനാധിപത്യ രാജ്യത്ത് വീണ്ടുമൊരു ജന്മിത്തകാലം വരുന്നു എന്നതിന്റെ സൂചനയാണത്.
പോലീസ് സേനയിൽ ജോലി കിട്ടിയാൽ പലരും അത് നിഷേധിക്കുന്നതിന്റെ പ്രധാന കാരണം സർക്കാർ ജോലികിട്ടിയാൽപോലും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലെ അടുക്കളപ്പണി കൂടി ചെയ്യണമെന്ന് കരുതിയാണ്. പറയുമ്പോൾ സർക്കാർ ജോലി എന്നാൽ ചെയ്യുന്നത് ഉന്നത പോലീസുകാരുടെ വീട്ടിലെ കുട്ടികളെ നോക്കലും മാർക്കറ്റിൽപോയി സാധനം വാങ്ങലുമൊക്കെയാണ്.
യഥാർത്ഥത്തിൽ പോലീസ് യൂണിഫോമിനോടും ആ പദവിയോടുമുള്ള അനാദരവാണ് അതേ മേഖലയിൽ ജോലി ചെയ്യുന്നവർ കാട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ കുടുംബക്കാരുടെ മർദ്ദനം ഏറ്റുവാങ്ങിയിട്ടും പോലീസ് ഡ്രൈവർക്ക് അനുകൂലമായി ശബ്ദങ്ങൾ എത്താതിരുന്നത് മറുഭാഗത്തെ ഉദ്യോഗസ്ഥന്റെ പണമോ സ്വാധീനമോ ഒക്കെ കൊണ്ടാകാം.
തലസ്ഥാനത്ത് സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവർ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്കറാണു (39) കഴിഞ്ഞദിവസം ക്രൂരതയ്ക്ക് ഇരയായത്. എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയാറെടുക്കുന്ന മകളാണു തന്നെ ക്രൂരമായി മർദിച്ചതെന്നു ഗവാസ്കർ പോലീസിൽ പരാതി നൽകിയിരുന്നു. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന്‍ ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂന്നു മാസമായി ഗവാസ്ക്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികൾ ചെയ്യിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാർ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു. ഡ്രൈവിങ് ജോലിയിൽ നിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു. എന്നിട്ടും ക്രൂരത ആവർത്തിക്കുകയാണുണ്ടായത്.
ഇന്നലെ രാവിലെ കനകക്കുന്നിൽ പ്രഭാതസവാരിക്കായി കാറിൽ കൊണ്ടുപോകുമ്പോൾ എഡിജിപിയുടെ മകൾ താൻ പരാതി പറഞ്ഞതിനെച്ചൊല്ലി ഗവാസ്കറെ അധിഷേപിക്കുകയുണ്ടായി. മടക്കയാത്രയിലും ഇതു തുടർന്നതോടെ വണ്ടിയിൽ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് എഡിജിപിയുടെ മകളും ഭാര്യയും വാഹനത്തിൽ വെച്ച് ഗവാസ്കറെ ആക്രമിക്കുകയായിരുന്നു. ഫോൺ കൊണ്ടു തലയ്ക്കു പുറകിൽ ആഞ്ഞിടിക്കുകയും പിറകിൽ ചവിട്ടുകയും ചെയ്തു.
എന്നാൽ സംഭവം പുറംലോകം അറിഞ്ഞപ്പോൾ ഗാവസ്‌കർ ഉദ്യോഗസ്ഥന്റെ മകളെ അപമാനിക്കാൻ ശ്രമിച്ചു എന്ന് പെൺകുട്ടി പരാതി നൽകി. ഒടുവിൽ രണ്ടുപേർക്കെതിരെയും കേസെടുക്കൻ പോലീസ് തീരുമാനിക്കുകയായിരുന്നു. ഗവാസ്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു എന്നതിനാണ് ഗവാസ്കർക്കെതിരെയുള്ള കേസ്.
എന്നാൽ പരാതിക്ക് ശേഷം എഡിജിപിയുടെ മകൾ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നിൽ ചില തന്ത്രങ്ങൾ ഒളിഞ്ഞിരിക്കുന്നതായി തോന്നാം. കാരണം നീതിയും ന്യായവുമൊക്കെ എപ്പോഴും പണവും പ്രതാപവും ഉള്ളവനൊപ്പമാണ്. എന്നാൽ സംഭവം മാധ്യമ വാർത്തയായതോടെ തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞു എഡിജിപി കയ്യൊഴിഞ്ഞു. കാരണക്കാരനായ എഡിജിപിക്ക് മറുപടിയില്ലെങ്കിൽ പിന്നെ ആരാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്.
സ്വന്തം സഹപ്രവർത്തകരോട് അൽപ്പംപോലും കരുണകാണിക്കാത്ത പോലീസ് ഉദ്യോഗസ്ഥർ പാവപ്പെട്ട ജനങ്ങളോട് കരുണ കാണിക്കുന്നതെങ്ങനെ ? പോലീസ് യൂണിഫോം ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉരുവിട്ടതൊക്കെ ഇടയ്‌ക്കെങ്കിലും ഓർത്താൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒഴിവാക്കാം. അല്ലെങ്കിൽ ഒരുപക്ഷെ വീണ്ടും അടിമകളും ജന്മികളും ഉള്ള ആ ഭൂതകാലം പുനർജനിച്ചേക്കാം.
Post Your Comments