തിരുവനന്തപുരം: എ.ഡി.ജി.പിയുടെ വീട്ടിലെ പട്ടിയെ പരിചരിച്ച മറ്റൊരു പൊലീസുകാരനെ പട്ടി കടിച്ചതായി പരാതി. . കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പൊലീസുകാരന്‍ ചികിത്സയിലുമായി. ചികില്‍സ കഴിഞ്ഞപ്പോള്‍ പൊലീസുകാരന് സസ്‌പെന്‍ഷനും കിട്ടി. മറ്റൊരു പോലീസുകാരനെ എഡിജി പിയുടെ മകൾ മർദ്ദിച്ചതിന് വിവാദം നടക്കുന്നതിനിടയിലാണ് ഈ കാര്യം വെളിയിൽ വന്നത്. ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്‌സ് വളപ്പിലെ വീട്ടിലാണ് ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനായ സന്തോഷ്‌കുമാറിനു പട്ടിയുടെ കടിയേറ്റത്.
ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരനെ ബലമായി നിയോഗിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡിലെ ഡ്യൂട്ടി ഓഫീസര്‍ ആര്‍.എസ്‌ഐ. പുഷ്പാംഗദന്‍ ചട്ടം മറികടന്നു ഭീഷണിപ്പെടുത്തിയാണ് സന്തോഷിനെ എ.ഡി.ജി.പിയുടെ പട്ടിയെ പരിചരിക്കാന്‍ നിയോഗിച്ചതെന്നാണ് ആരോപണം. ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാര്‍ ബറ്റാലിയന്‍ എ.ഡി.ജി.പിയായി ചുമതലയേറ്റ സമയത്ത് കഴിഞ്ഞ വര്‍ഷം മെയ് 31ന് രാത്രി ആയിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട പട്ടിയെ എ.ഡി.ജി.പിയുടെ മണ്ണന്തലയിലുള്ള വീട്ടില്‍ എത്തിക്കണമെന്നു സന്തോഷിനോടു പുഷ്പാംഗദന്‍ നിര്‍ദ്ദേശിച്ചു.
ആദ്യം വിസമ്മതം പ്രകടിപ്പിച്ച സന്തോഷ് നടപടിയുണ്ടാകുമെന്ന് ഭീഷണി വന്നപ്പോഴാണു പോയത്. രാവിലെ പട്ടിക്കു ത്വക്കിനു പ്രശ്‌നമാണെന്നും ശംഖുമുഖത്തെ എയര്‍ഫോഴ്‌സ് വില്ലയില്‍ താമസിക്കുന്ന എ.ഡി.ജി.പിയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കാനും ഡ്യൂട്ടി ഓഫീസര്‍ സന്തോഷിനോട് ആവശ്യപ്പെട്ടു. ഡോക്ടറെ കാണിച്ചശേഷം ഭക്ഷണം നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് സന്തോഷിന്റെ തുടയില്‍ പട്ടി കടിച്ചത്. പിന്തിരിഞ്ഞ് ഓടിയപ്പോള്‍ പൃഷ്ഠഭാഗത്തും പട്ടി കടിച്ചത്. ഇത് വലിയ വാര്‍ത്തയും മറ്റുമായി.
ഇതോടെ പൊലീസുകാരനെ സ്ഥലം മാറ്റുകയായിരുന്നു ഉണ്ടായത്. ഇപ്പോള്‍ സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനേറ്റ് പൊലീസുകാരന്‍ ആശുപത്രിയിലാകുമ്പോള്‍ ഈ പട്ടിക്കഥയും ഓര്‍ത്തെടുക്കുകയാണ് പൊലീസുകാര്‍. ബറ്റാലിയന്‍ മുന്‍ എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലെ പട്ടിയെയും ഡോഗ് സ്‌ക്വാഡിലെ പൊലീസുകാരാണ് പരിചരിച്ചിരുന്നത്. വിവിധ വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറിമാരുടെ വീടുകളിലെ പട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പുപാംഗദന് സര്‍വ്വീസില്‍ അച്ചടക്ക നടപടിയും നേരിടേണ്ടി വന്നിട്ടുണ്ട്.
ഇതിനിടെ ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാറിനെതിരെ നിരവധി പരാതികള്‍ ആണ് കിട്ടുന്നത്. ഔദ്യോഗിക വാഹനത്തിനു പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .സുധേഷ്കുമാറിന്‍റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനം. മകളെ ശാരീരിക പരീശിലിപ്പിക്കുന്നത് വനിത പോലീസ് ഉദ്യോഗസ്ഥ. വീട്ടില്‍ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്പ് ഫോളോവറന്‍മാരെ . പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറി. പോലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കി.
Post Your Comments