Kerala

രണ്ടരവയസ്സുകാരനെ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍ : യുവതിയുടെ കഥ കേട്ട് സ്തംഭിച്ച് പൊലീസും

പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം രണ്ടര വയസുകാരനായ മകനെ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് യുവതി വെളിപ്പെടുത്തി. യുവതിയുടെ കഥ കേട്ട് പൊലീസിനും മനസലിഞ്ഞു. വക്കീലായിരുന്ന തന്റെ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധങ്ങള്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗര്‍ഭിണിയായിരുന്നപ്പോള്‍ വയറ്റത്ത് കയറിയിരുന്ന് കവിളില്‍ അടിച്ചു. പിന്നെയും മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തില്‍ മീശവെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റും ഹെയര്‍ ഡൈയുമൊക്കെ കലര്‍ത്തിവെയ്ക്കു പതിവായി. ഇങ്ങനെ ഉപദ്രവം സഹിക്കാതെ ചോദ്യം ചെയ്തപ്പോള്‍ കൈപിറകിലേയ്ക്ക് പിടിച്ചുകെട്ടിയ ശേഷം മര്‍ദ്ദിച്ചു. മാനസീകരോഗിയായി ചിത്രീകരിച്ച് ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റുചെയ്തു. ഇനി ഒരുമിച്ചുള്ള ജീവിതം വേണ്ട. മകന്‍ അനാഥനായി വളരരുത് അത് മാത്രമേ ഇപ്പോള്‍ ആഗ്രഹിക്കുന്നുള്ളു. കുഞ്ഞിനെ സ്റ്റേഷനില്‍ ഏല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തായ അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും യുവതി വെളിപ്പെടുത്തി.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് യുവതി കുഞ്ഞിനെ സ്റ്റേഷനിലേല്‍പ്പിച്ച ശേഷം പാണം കുഴിയിലെ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ നമ്പറില്‍ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ പൊലീസ് സമീപത്തെ ശിശുപരിപാല കേന്ദ്രത്തിലാക്കിയിരിക്കുകയാണിപ്പോള്‍.

നേരത്തെ തന്നേ പീഡിപ്പിക്കുന്നതായുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവായ അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. അടുത്തിടെ സര്‍ക്കാര്‍ ജോലി ലഭിച്ച ഇയാള്‍ ഈ കേസില്‍ ഇപ്പോള്‍ ജാമ്യമെടുത്തിട്ടുണ്ട്. ജോലിയും വരുമാനവും ഇല്ലാത്ത നിലവിലെ സാഹചര്യത്തില്‍ കുട്ടിയുടെ സംരക്ഷണം തന്നേക്കൊണ്ട് സാദ്ധ്യമാവില്ലന്നും അതിനാല്‍ മകനെ ഏറ്റെടുക്കണമെന്നുമാണ് യുവതി പൊലീസില്‍ വ്യക്തമാക്കിയിരുന്നത്.

ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജോലിയില്ലാത്തതിനാല്‍ കുഞ്ഞിനേ നോക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പിതാവിന്റെ പക്കല്‍കുട്ടിയെത്തണമെന്ന ഉദ്ദേശ്യത്തോടെ സ്റ്റേഷനിലേല്‍പ്പിച്ചതെന്നുമാണ് മാതാവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനാഥാലയത്തിലായിരുന്നു ജീവിതമെന്നും ഇടയ്ക്ക് ഷുഗര്‍ കുറയുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതമനമൂലം ഉച്ചത്തില്‍ സംസാരിക്കുകയും ദേഷ്യപ്പെടാറുണ്ടെന്നും മധുരമുള്ള എന്തെങ്കിലും തഴിച്ചാല്‍ ഉടന്‍ സാധാരണ നിലയിലാവുകയും ചെയ്യുന്ന തന്നെ ഭര്‍ത്താവ് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ച് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു എന്നും യുവതി ആരോപിച്ചു.

പ്രദേശത്തെ പ്രമുഖ കുടുംബാംഗമാണ് ഇവരുടെ ഭര്‍ത്താവ്്.വീടിന്റെ പിന്‍ഭാഗത്തെ തുറന്ന് കിടന്ന ഭാഗത്താണ് അനാഥാലയത്തില്‍ നിന്നിറങ്ങിയ താനും മകനും കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നതെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ഈ ഭാഗത്ത് തറയില്‍ ചാക്ക് വിരിച്ചാണ് താനും മകനും കിടന്നിന്നതെന്നും യുവതി വിശദീകരിച്ചു.ഭര്‍ത്താവിനൊപ്പം കഴിയാന്‍ താല്‍പ്യമില്ലന്ന ഉറച്ച തീരുമാനത്തിലാണ് താനെന്നും യുവതി വ്യക്തമാക്കി.

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ എറണാകുളത്ത് നേഴ്സായി ജോലിചെയ്തിരുന്ന തനിക്ക് ഇപ്പോള്‍ ഒരു സ്ഥലത്തും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്നും താന്‍ മാനസീകരോഗിയാണോ അല്ലയോ എന്ന് കണ്ടെത്താന്‍ എവിടെ വേണമെങ്കിലും പരിശോധനയ്ക്ക് ഹാജരാവാന്‍ താന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. പൊലീസ് വിളിച്ചതനുസരിച്ച് ഇന്ന് ഇവരുടെ ഭര്‍ത്താവ് സ്റ്റേഷനില്‍ എത്തിയിരുന്നു.നിയമപരമായി കൈമാറിക്കിട്ടിയാല്‍ മാത്രമേ താന്‍ കുട്ടിയെ ഏല്‍ക്കു എന്ന് ഇയാള്‍ പൊലീസില്‍ വ്യക്തമാക്കിയതായിട്ടാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button