Kerala

കൊലക്കേസ് പ്രതികള്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ ബന്ധുക്കള്‍ : ഇവരെ എത്രയും വേഗം പിടികൂടണമെന്ന് കോടതി നിര്‍ദേശം

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ രണ്ടു സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് നടപ്പാക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ഉത്തരവിട്ടു.

പ്രതികളെ പിടികൂടുന്നതിന് പൊലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്.പിയോട് ആവശ്യപ്പെട്ടു.

എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ് (40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് (45), നിലമ്ബൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവരെ പിടികൂടാനുള്ള കോടതിയുടെ അറസ്റ്റ് വാറണ്ട് എസ്.പി നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നു കാണിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി.

പ്രതികളില്‍ ഷെരീഫും ഷെഫീഖും അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരാണ്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് കേസില്‍ രണ്ടാം പ്രതിയായിരുന്ന അന്‍വര്‍ എം.എല്‍.എ അടക്കമുള്ള 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. അന്നു പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു നാലു പേരും. നേപ്പാള്‍, കോയമ്പത്തൂര്‍ വഴി ഇവര്‍ അടിക്കടി നാട്ടില്‍ വന്നുപോകുന്നതായി മനാഫിന്റെ സഹോദരന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. അന്‍വര്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button