ചിങ്ങവനം: കനത്തമഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരക്കമ്പ് തീവണ്ടിയിടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ കുറിച്ചി മന്ദിരംകവലയ്ക്കു സമീപമുള്ള മേല്‍പ്പാലത്തിനു താഴെയാണ് സംഭവം. കോര്‍ബാ എക്സ്പ്രസ് വന്‍അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മന്ദിരം മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ വേഗം കുറച്ച് എത്തിയതിനാലാണ് ദുരന്തം ഒഴിവായത്. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കോര്‍ബാ എക്സ്പ്രസ് ഇവിടെനിന്ന് യാത്രതുടര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് ഗതാഗതം മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. കോര്‍ബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കോര്‍ബാ എക്സ്പ്രസ് പാലത്തില്‍ കിടന്ന ശിഖരം ഇടിച്ചു തെറിപ്പിച്ചു മുമ്പോട്ടുനീങ്ങി.
ഒടിഞ്ഞുവീണ ശിഖരം റെയില്‍വേ ലൈനിലും പാളത്തിലും തീവണ്ടിക്കുമുകളിലുമായി കുടുങ്ങിയതോടെ ഡ്രൈവര്‍ തീവണ്ടി നിര്‍ത്തി. ട്രാക്കിന് സമീപത്തെ പറമ്പില്‍ നിന്നിരുന്ന തേക്ക് മരത്തിന്റെ വലിയ ശിഖരം കനത്തമഴയില്‍ ഒടിഞ്ഞുവീഴുകയായിരുന്നു. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിച്ച തീവണ്ടി എന്‍ജിന്‍ പരിശോധനയ്ക്കുശേഷം രണ്ടു മണിക്കൂര്‍ വൈകി ഏഴുമണിയോടെ തിരുവനന്തപുരത്തേക്കു പോയി.
അപകടത്തെത്തുടര്‍ന്ന് കോട്ടയം ഭാഗത്തേക്കുവന്ന തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ചങ്ങനാശ്ശേരിയില്‍നിന്ന് അഗ്നിരക്ഷാസേന ജീവനക്കാരും പോലീസുമെത്തി. നാട്ടുകാരുടെ സഹായത്തോടെ ട്രാക്കിലും തീവണ്ടിക്കുമുകളിലും ഇലക്‌ട്രിക് ലൈനിലുമായി കുരുങ്ങിക്കിടന്ന മരക്കൊമ്പ് വെട്ടിമാറ്റിയ ശേഷമാണ് തീവണ്ടി കടന്നുപോയത്.
Post Your Comments