Kerala

കോളേജ് അധ്യാപികയുടെ മരണം : ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അറസ്റ്റില്‍ :

തൃശൂര്‍: കോളേജ് അധ്യാപികയുടെ മരണത്തിനു പിന്നില്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ മരണത്തിനു പിന്നില്‍ സജീറാണെന്ന് ബന്ധുക്കളും നാട്ടുകാരും ആവര്‍ത്തിച്ചപ്പോഴും മൈന്‍ഡ് ചെയ്യാതിരുന്ന പോലീസ് പഴുതടച്ചുള്ള നീക്കമാണ് നടത്തിയത്. സര്‍വ തെളിവുകളും ശേഖരിച്ചായിരുന്നു പോലീസിന്റെ നീക്കം.

ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാകുമ്പോഴും സചിത്ര മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയത് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്നതാണ് എന്നാണ്. ഒരു പക്ഷേ ജീവിതത്തിലേക്ക് തിരിച്ചു വരാം എന്ന പ്രതീക്ഷ കൊണ്ടാവണം സചിത്ര അത്തരത്തിലൊരു കള്ളം പറഞ്ഞത്. എന്നാല്‍ സജീറിന്റ സ്വഭാവ ദൂഷ്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ പൊലീസിനും അയാളുടെ നടപടികളില്‍ സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വീട്ടുകാരുടെ പരാതിയോടൊപ്പം സ്വന്തം സംശയങ്ങളും ചേര്‍ത്ത് വെച്ച പൊലീസ് സജീറിനെ കുടുക്കാന്‍ കാത്തിരുന്നത്.

തൃശൂര്‍ പെരുമ്പിലാവില്‍ സ്വദേശിയും തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അദ്ധ്യാപികയുമായ സചിത്ര രണ്ട് മാസം മുമ്പാണ് പൊള്ളലേറ്റ് മരിച്ചത്. എന്നാല്‍ സചിത്രയെ ഭര്‍ത്താവ് സജീര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. സജീറിന്റെ പരസ്ത്രീ ബന്ധവും മാനസിക പീഡനവും സഹിക്കവയ്യാതെ സചിത്ര ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവുകള്‍ അടക്കം പൊലീസ് പിടികൂടിയപ്പോള്‍ ഇയാള്‍ എല്ലാ കുറ്റവും സമ്മതിക്കുകയും ചെയ്തു.

2013ലാണ് വ്യത്യസ്ഥ മതവിഭാഗങ്ങളില്‍പ്പെട്ട സജീറും സചിത്രയും വിവാഹിതരാവുന്നത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സജീര്‍ ഓട്ടോ ഡ്രൈവറായിരുന്നു. എംഎസ് സി ബിരുദധാരിയായ സചിത്ര അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

സചിത്രയുടെ ശമ്പളമായിരുന്നു കുടുംബത്തിന്റെ മുഖ്യവരുമാനം. രണ്ടു വയസുള്ള ഒരു മകളുമുണ്ട് ഇവര്‍ക്ക്.വിവാഹ ശേഷം സചിത്രയുടെ പേര് സചിത്ര സജ്ന എന്നാക്കി മാറ്റി. ഒരു കുഞ്ഞുണ്ടാകുന്നതു വരെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് താമസിയാതെ ഭാര്യ മനസ്സിലാക്കുകയായിരുന്നു.

സചിത്രയുടെ ശമ്പളം സജീര്‍ തോന്നുംപടിയായിരുന്നു ചിലവഴിച്ചിരുന്നത്. ഇതും ഒരു സ്ത്രീയുമായുള്ള അടുപ്പവും ഇരുവരും തമ്മിലുള്ള കലഹത്തിനു ഹേതുവായി. ഇതേത്തുടര്‍ന്നാണ് സചിത്ര ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുന്നത്.

പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം സചിത്ര മരണമടഞ്ഞു. സചിത്രയുടെ മരണത്തിനു ശേഷം നാട്ടുകാര്‍ ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മദ്യപാനം, പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് ബോധ്യപ്പെട്ടു.

മൂന്ന് ഫോണുകളും ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമിംഗ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമിംഗ് കോളുകളുടെ ഫോണുകള്‍ ഓഫായിരുന്നു. ഈ ഫോണുകളുടെ കണ്ടെത്തലാണ് പൊലീസിന് ഇയാളെ കുടുക്കാന്‍ സഹായകമായത്.

വിവാഹിതയായ സ്ത്രീയുമായി സജീര്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇതോടെ ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് സജീര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button