അജ്മാന്‍ : കൗമാരക്കാരിയുടെ മരണത്തിനു പിന്നില്‍ ഒരു പുസ്തകമെന്ന് കണ്ടെത്തല്‍. ആ പുസ്തകത്തിന്റെ അവസാന പേജാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയെന്നാണ് നിഗമനം. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് അജ്മാനിലെ അല്‍ റൗദയില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് പൊലീസിന് കുടുംബത്തിന്റെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. പൊലീസ് സംഘം വീട്ടില്‍ എത്തി പരിശോധിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശുചിമുറിയില്‍ തൂങ്ങി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നും ഒരു പുസ്തകം ലഭിച്ചുവെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുമൈനി പറഞ്ഞു.
അമേരിക്കന്‍ ക്ലിനിക്കല്‍ മനശാസ്ത്രഞ്ജന്‍ കെയ് റെഡ്ഫില്‍ഡ് ജാമിസണ്‍ എഴുതിയ ‘ആന്‍ അണ്‍ക്വയ്റ്റ് മൈന്‍ഡ്’ എന്ന പുസ്തകമാണ് പെണ്‍കുട്ടിയുടെ സമീപത്തു നിന്നും ലഭിച്ചത്. വിഷാദത്തിലായിരുന്ന പെണ്‍കുട്ടിയെ കടുംകൈ ചെയ്യാന്‍ ഒരു പക്ഷേ, ഈ പുസ്തകം പ്രേരിപ്പിച്ചുകാണുമെന്നാണ് നിരീക്ഷണം. സിഐഡി സംഘത്തിലെ പ്രത്യേക വിഭാഗം സംഭവ സ്ഥലത്ത് എത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം ഫൊറന്‍സിക് പരിശോധനകള്‍ക്കായി മാറ്റുകയും ചെയ്തു.
ഏതെങ്കിലും രീതിയിലുള്ള തെറ്റായ കാര്യം നടന്നിട്ടുണ്ടോ എന്നു വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, പെണ്‍കുട്ടിയുടെ സമീപത്തു നിന്നും ലഭിച്ച പുസ്തകം ആത്മഹത്യയ്ക്കു പ്രധാനകാരണമായി എന്നു പറയാന്‍ സാധിക്കില്ലെന്നും ഒരു പക്ഷേ, ചില കാരണങ്ങളില്‍ ഒന്നുമാത്രമായിരിക്കും അതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പുസ്തകത്തിലെ അവസാന പേജാണ് പെണ്‍കുട്ടി ഒടുവില്‍ വായിച്ചത് എന്നാണ് കണക്കാക്കുന്നത്. മുറിയിലെ കൈരേഖകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
കുട്ടികള്‍ പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ളവര്‍ എന്താണ് വായിക്കുന്നതെന്നും എന്താണ് സമൂഹമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കാണുന്നതെന്നും രക്ഷിതാക്കള്‍ കൃത്യമായി പരിശോധിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ നുമൈനി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള ശ്രദ്ധയിലൂടെ കുട്ടികളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാം. ചില പുസ്തകങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവ കുട്ടികളെ വളരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായക്കാരെ. അതിനാല്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മേജര്‍ ജനറല്‍ അല്‍ നുമൈനി പറഞ്ഞു.
Post Your Comments