Kerala

പെൺകുട്ടിക്ക് കാവൽ നിന്ന് കെഎസ്ആർടിസി ബസ്: കണ്ടക്ടർക്കും ഡ്രൈവർക്കും അഭിന്ദനപ്രവാഹം

പെൺകുട്ടിക്ക് കാവൽ നിന്ന് കെഎസ്ആർടിസി ബസ്. യാത്രക്കാർ ബസിന് വേണ്ടി കാത്തിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു സാധാരണക്കാരിക്ക് വേണ്ടി ബസ് കാത്തുകിടന്നതാണ് പുതിയ വാർത്ത. പുലർച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെൺകുട്ടിയ്ക്ക് ബസും യാത്രക്കാരും കൂട്ടായി നിലയുറപ്പിച്ചു. പെൺകുട്ടിയുടെ സഹോദരൻ വരുന്നത് വരെ ആ ബസും യാത്രക്കാരും അവള്‍ക്ക് വേണ്ടി കാത്തിരുന്നു.

ഒടുവിൽ സഹോദരൻ എത്തിയ ശേഷമാണ് ബസ് യാത്രതുടർന്നത്. എന്നാല്‍ ഈ വിവരം പെൺകുട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതോടെ നൻമ വറ്റാത്ത ആ കണ്ടക്ടർക്കും ഡ്രൈവർക്കും എങ്ങും അഭിന്ദനപ്രവാഹം ഒഴുകിയെത്തി. പുലർച്ചെ കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ എത്തുന്നതുവരെയാണു കണ്ടക്ടർ പി.ബി. ഷൈജുവും ഡ്രൈവർ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്.

കോയമ്പത്തൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ, ജോലിസ്ഥലമായ അങ്കമാലി അത്താണിയിൽനിന്നു രാത്രി 9.30നു ബസിൽ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരൻ മഴ കാരണം വൈകിയതിനാലാണ് സ്റ്റോപ്പിലിറങ്ങിയപ്പോൾ കാത്തിരിക്കേണ്ടിവന്നത്.

ആതിര ജയൻ എന്ന പേരിലെഴുതിയ കുറിപ്പ് സമൂഹമാധ്യമത്തിൽ ഏറെ പങ്കുവയ്ക്കപ്പെട്ടതോടെ, തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായി. തിരുവനന്തപുരം ജില്ലാ ട്രാൻസ്പോർട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണിൽ അഭിനന്ദനമറിയിച്ചു. കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയും ഇരുവർക്കും അഭിനന്ദനക്കുറിപ്പ് നൽകി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു. ഗോപകുമാർ കിളിമാനൂർ പുളിമാത്ത് സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button