ദുബായ്: അറ്റലസ് രാമചന്ദ്രന്റെ മോചനവാര്‍ത്ത മലയാളി പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുത്തുന്നതാണ്. പാവങ്ങളെ സഹായിച്ചിരുന്ന രാമചന്ദ്രന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ആരും മോശം അഭിപ്രായം പറയുന്നില്ല. അദ്ദേഹം നന്നായി വരട്ടെ എന്നാണ് പ്രവാസി ലോകത്തിന്റെ ആശംസ. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം.
അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു.
ഇത് കൂടാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്.
ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായി. രണ്ടാഴ്‌ച്ച മുൻപ് തന്റെ ഫോണിലേക്ക് രാമചന്ദ്രന്‍ വിളിച്ചിരുന്നുവെന്നാണ് ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി പറയുന്നത്. ഏകദേശം അരമണിക്കൂറിലേറെ അദ്ദേഹം അഷ്‌റഫിനോട് സംസാരിച്ചു.
തന്റെ ഭാര്യ ഇന്ദിരയുടെ ഫോണ്‍ നമ്പറും അഷ്‌റഫ് താമരശ്ശേരിക്ക് നല്‍കുകയുണ്ടായി. എന്നാല്‍, അഷ്‌റഫ് ഇന്ദിരയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍, തങ്ങള്‍ ഒരു നീക്കം നടത്തുന്നുണ്ടെന്നും അതു വിജയം വരിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ മറുപടി പറഞ്ഞു. അത് നടന്നില്ലെങ്കില്‍ മാത്രം അഷ്‌റഫ് ശ്രമിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ വാക്കുകള്‍. പുറത്തിറങ്ങിയ അദ്ദേഹം എല്ലാറ്റിനും നന്ദി പറയുന്നത് ഭാര്യ ഇന്ദുവിനോടാണ്.
മൂന്ന് വര്‍ഷത്തോളമായി സ്വത്തുക്കളെല്ലാം നല്‍കി ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ഭാഗത്തു നിന്നും തീവ്രശ്രമങ്ങളാണ് ഉണ്ടായത്. ഒരു മകന്‍ അറസ്റ്റു ഭയന്ന് നാടുവിട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഇന്ദു. ഇതോടെ ഒറ്റയ്ക്ക് തന്നെ ഭര്‍ത്താവിന്റെ മോചനത്തിനായി അവര്‍ രംഗത്തിറങ്ങി. ഇനിയുള്ള കാര്യം ഭാര്യക്ക് വേണ്ടി ജീവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന് മുകളില്‍ രാമചന്ദ്രന്‍ ഉയര്‍ത്തിപിടിക്കുന്നത് ജീവിത സഖിയുടെ ത്യാഗങ്ങളെയാണ്.
എന്റെ ഇന്ദു ഉണ്ടായിരുന്നതു കൊണ്ടു മാത്രം തിരിച്ചെത്തി. ഇനി മക്കള്‍ക്ക് ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമായെങ്കിലും ചല നിബന്ധനകളോടെയാണ് അദ്ദേഹം സ്വാതന്ത്രനായത്. യു എ ഇ വിട്ട് പോകാൻ അനുവാദമില്ല. നിരവധി നിയമനടപടികൾ ഇനിയും ബാക്കിയുള്ളതിനാലാണ് അദ്ദേഹത്തിന് യു എ ഇ വിട്ടു പോകാൻ സാധ്യമല്ലാത്തതെന്ന് ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായത്.
Post Your Comments