Latest NewsKerala

പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധം-കൂടുതല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം•ആലുവ എടത്തലയില്‍ പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍, കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസില്‍ കൂട്ടുപ്രതിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമുക്കെല്ലാം അറിയുന്ന പ്രധാന ഭീകരവാദക്കേസുകളില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നത്. ആലുവയില്‍ സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും ചെയ്തവരില്‍ ചിലരുടെ തീവ്രവാദ-ഭീകരവാദ ബന്ധത്തെക്കുറിച്ചാണ‌് വ്യാഴാഴ‌്ച സഭയില്‍ താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയത്.

ആലുവയിലെ സംഘര്‍ഷത്തിനു പിന്നില്‍ തീവ്രവാദികളുടെ ഇടപെടലുണ്ട് എന്നത് വസ്തുതയാണ്. ഇത് മറച്ചുവച്ചുകൊണ്ട് പ്രതിപക്ഷമെടുത്ത നിലപാട് ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിന് തടസ്സമാകും. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് സമാനമാണത‌്. ആലുവ എന്നു പറയുന്ന പ്രദേശം ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും കേരളത്തിന്റെ ക്രമസമാധാന പാലനം അതേ രീതിയില്‍ നടക്കേണ്ട സ്ഥലമാണെന്നുമാണ‌് താന്‍ പറഞ്ഞത‌്. പൊലീസിനെ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്നത‌് വസ‌്തുതയാണ‌്. ഇതുസംബന്ധിച്ച രേഖകളും നിലവിലുണ്ട‌്. നേതൃത്വം കൊടുത്തയാള്‍ രണ്ട‌് യു.എ.പി.എ കേസുകളില്‍ പ്രതിയാണ‌്. ഇത് ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ വസ്തുത നിയമസഭയുടെ മുന്‍പാകെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. ഉടന്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ബഹളമുണ്ടായി. ആ ഘട്ടത്തിലാണ‌് തീവ്രവാദികളെ തിരിച്ചറിയാന്‍ പറ്റാത്ത ഒരുകൂട്ടം ആള്‍ക്കാരാണ് ഇവരെന്നു പറഞ്ഞത‌്. യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ട് സഭാംഗങ്ങള്‍ ഇടപെടണമെന്നാണ് ഞാന്‍ സഭയ്ക്കു മുന്‍പാകെ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button