ഇസ്ലാമാബാദ്: പാകിസ്താന് പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷര്‍റഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി സൂചന. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014ല്‍ മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാതിനാണ് മുഷര്‍റഫിനെതിരെ ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി കേസില്‍ ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷല്‍ ഐ.ഡി കാര്‍ഡും പാസ്പോര്‍ട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. മുശര്‍റഫിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ദേശീയ ഡേറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന് അതോറിറ്റി (എന്‍.എ.ഡി.ആര്.എ) അദ്ദേഹത്തിന്റെ ഐ.ഡി കാര്‍ഡ് റദ്ദാക്കിയത്. ഐ.ഡികാര്‍ഡ് റദ്ദാക്കിയതോടെ സ്വാഭാവികമായി പാസ്പോര്‍ട്ട് റദ്ദാക്കപ്പെടുമെന്ന് ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാസ്പോര്‍ട്ട് റദ്ദാക്കിയാല്‍ മുശര്‍റഫിന് ഒരു രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ദുബൈയില്‍ കഴിയുന്നതുപോലും അനധികൃതമാവുകയും ചെയ്യും. ഒന്നുകില്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം തേടുകയോ അല്ലെങ്കില്‍ പ്രത്യേക രേഖകള്‍ തയാറാക്കി പാകിസ്താനിലേക്ക് മടങ്ങുകയോ ചെയ്യാം. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് പാകിസ്ഥാ നില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. 1999 മുതല്‍ 2008 വരെയാണ് മുഷര്‍റഫ് പാകിസ്താന് ഭരിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന മുഷര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് നേരത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments