കോണ്‍ഗ്രസിന്‌റെ കേന്ദ്ര നേതൃത്വത്തിലും കേരള സംസ്ഥാനത്തിന്‌റെ നേതൃത്വത്തിലും ഇപ്പോള്‍ കലാപത്തിന്‌റെയും പൊട്ടിത്തെറിയുടെയും നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. രണ്ടിനും കാരണം ഏകദേശം ഒന്നാണ് പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള പടയൊരുക്കമാണ് സംഭവം. കേരളത്തിലായാലും കേന്ദ്രത്തിലായാലും മുഖ്യ പ്രശ്‌നം സ്ഥാനം തന്നെ. എന്താണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതെന്നും ഇത് വെറും പുകയാണോ അതോ വരാന്‍ പോകുന്ന പ്രളയാഗ്നിയ്ക്ക് മുന്‍പുള്ള സുചനയാണോ എന്നും കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്, എന്തിനാണ് ഈ കോലാഹലങ്ങള്‍. കേരളത്തില്‍ നിന്ന് തന്നെ അവലോകനം തുടങ്ങാം.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലെത്തി നിന്നപ്പോഴാണ് യുഡിഎഫിനോട് ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി രംഗത്തെത്തിയത്. ഇടഞ്ഞ് നിന്ന മാണിയുടെ ഈ അയവ് കോണ്‍ഗ്രസിന്‌റെ ഐക്യത ഊട്ടിയുറപ്പിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ സംഭവങ്ങള്‍ തകിടം മറിയാന്‍ അധികനേരം വന്നില്ല.ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നു. എല്‍ഡിഎഫിലേക്ക് ചായുമെന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ കെ.എം മാണിക്ക് തെറ്റിപ്പോയി എന്ന പശ്ചാത്താപമുണ്ടായെന്ന് വരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ ഇതിലെ സത്യം ആരോപണങ്ങളിലല്ല എന്നതും നാം ഈ സമയം ഓര്‍ക്കണം. ചെങ്ങന്നൂര്‍ വിഷയം ഒന്ന് തണുത്ത് വന്നപ്പോള്‍ തന്നെ ഉടന്‍ തുടങ്ങി അടുത്തത്. അവിടെയും മുഖ്യ പ്രശ്‌നം കസേര തന്നെ. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി കടും പിടിത്തം പിടിച്ചത് മുതല്‍ കോണ്‍ഗ്രസിനുള്ളിലെ പുകച്ചില്‍ ജനങ്ങള്‍ക്ക് ഒന്നു കൂടി മനസിലായി. എന്നാല്‍ അത് കേരള കോണ്‍ഗ്രസിന്‌റെ സിറ്റിങ് സീറ്റാണെന്ന വാദത്തിലൂന്നി തന്നെ മാണി വിഭാഗം നിന്നു.
സീറ്റിനെ ചെല്ലിയുള്ള തര്‍ക്കത്തില്‍ ഒട്ടും വിടാതെ തന്നെ പി.ജെ കുര്യനും ഉണ്ടായിരുന്നു, സീറ്റ് വീണ്ടും തനിക്ക് തന്നെ ലഭിക്കുമെന്ന് വിശ്വസിച്ചിരുന്ന പി.ജെ കുര്യന് വന്‍ പ്രഹരമാണ് ഏറ്റത്. കൂടാതെ തനിക്കെതിരെ യുവ നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തിന്‌റെ നീരസത്തിന്‌റെ മുഖ്യ തെളിവാണ് ആങ്ങള ചത്താലും നാത്തൂന്‌റെ കണ്ണിലെ കണ്ണീര് കണ്ടാല്‍ മതിയെന്ന പരാമര്‍ശം. ഇങ്ങനെ നാലു പാടും നിന്നുള്ള പിടിവലിയ്ക്ക് ശേഷം രാജ്യസഭാ സീറ്റിന്‌റെ കാര്യത്തില്‍ ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് തീരുമാനവുമെത്തി. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ.
മാണിയോട് ഏറെ അനുഭാവം പുലര്‍ത്തുന്ന മുസ്ലീം ലീഗാണ് ഇതില്‍ തുണയായി നിന്നത്. കേരള കോണ്‍ഗ്രസിന്‌റെ സിറ്റിങ് സീറ്റാണ് ഇതെന്ന അഭിപ്രായം പി.കെ കുഞ്ഞാലിക്കുട്ടിയും തുറന്ന് പറയുകയും കേന്ദ്രത്തില്‍ നിന്ന് അനുവാദം ലഭിക്കുന്നതിന് മാണിയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇനി സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന തീരുമാനമാണ് കേരള കോണ്‍ഗ്രസിന്‌റെ ഭാഗത്ത് നിന്നും പുറത്ത് വരാനുള്ളത്.
അതിനിടയിലാണ് കോണ്‍ഗ്രസിലെ യുവനേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതൃനിരയിലെ യുവസംഘം രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചു. കെ. എസ് ശബരീനാഥ്, ഹൈബി ഈഡന്‍, അനില്‍ അക്കര, ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, റോജി, എം ജോണ്‍ തുടങ്ങിയവരാണ് ദേശീയാധ്യക്ഷന് കത്തയച്ചത്. ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നയം തന്നെ കേരളത്തിലും ശക്തമാക്കാനുള്ള നീക്കമാണ് ഇതെന്ന് സംശയമില്ലാതെ തന്നെ പറയാം. പി. ജെ കുര്യനെതിരെ ശക്തമായ ഭാഷയില്‍ യുവ നിര പ്രതികരിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്.
കേന്ദ്രത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്കെതിരെ നടക്കുന്ന നീക്കവും മറിച്ചല്ല. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനെതിരെ നടത്തുന്ന യുദ്ധം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വരുന്ന മുഖ്യതിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഹുല്‍ ഗാന്ധി തയാറെടുക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നതില്‍ സംശയമില്ല. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് യുക്തിപരമായ ചിന്തയിലൂന്നി ജനസേവനം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയട്ടെ. ഐക്യതയുടെ ഉത്തമ ഉദാഹരണമാകുന്ന പാര്‍ട്ടിയായി നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിയ്ക്കട്ടെ.
Post Your Comments