തിരുവനന്തപുരം : രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. ഈ വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദം തേടുമെന്ന് നേതാക്കൾ അറിയിച്ചു.
കോൺഗ്രസ്സിന് അർഹതപ്പെട്ട സീറ്റ് വിട്ടുനൽകില്ല എന്ന നിലപാടിലായിരുന്നു കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. എന്നാൽ മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കര്‍ക്കശ നിലപാട് സ്വീകരിച്ചു.
എം.പി വീരേന്ദ്ര കുമാര്‍ കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. തുടർന്ന് സീറ്റ് വിട്ടുനൽകാൻ നേതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇതേ കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ രാഹുൽ ഗാന്ധിയുമായി പി.കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ വ്യക്തമാക്കുകയുള്ളൂ.
എന്നാൽ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നൽകരുതെന്ന ഉറച്ച നിലപാടിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ . മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫും അഭിപ്രായപ്പെട്ടു.
കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് വി എം സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.
Post Your Comments