Kerala

കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ് സർവീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് തലസ്ഥാന നഗരിയിൽ സർവീസ് നടത്തും. വിജയിക്കുകയാണെങ്കിൽ മുന്നൂറോളം വൈദ്യുത ബസുകള്‍ പുതിയതായി ഇറക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെഎസ്‌ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണ് വഹിക്കേണ്ടത്.

മുമ്പ് ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല.

1.5 കോടി മുതലാണ് ഇ-ബസുകളുടെ വില. ഒരു ചാര്‍ജിങ്ങില്‍ 150 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസ് നടത്തുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് നടത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button