ശിവാനി ശേഖര്‍
“ധാന്യങ്ങളുടെ കലവറ”എന്നറിയപ്പെടുന്ന പഞ്ചാബ്, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമ്പന്നതയിൽ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനമാണ്. സ്വർണ്ണവർണ്ണം നിറഞ്ഞ ഗോതമ്പ്പാടങ്ങൾ കഥപറയുന്ന പഞ്ചാബിലെ ഗ്രാമീണസൗന്ദര്യത്തിന്റെ അഴക് നുകർന്ന് അമൃത സരസിനു ചുറ്റുമായി പണി കഴിപ്പിച്ച വിശാലമായ സുവർണ്ണക്ഷേത്രത്തിലെത്താം! ഒരു ദിവസം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തുന്ന സുവർണ്ണക്ഷേത്രം നാനാജാതി മതസ്ഥരെയും ഒരു പോലെ സ്വീകരിക്കുന്ന “സിഖ് ” മതവിശ്വാസികളുടെ ഭാരതത്തിലെ ഏറ്റവും വലിയ ആരാധനാലയമാണ്. നാലു കവാടങ്ങൾ വഴി തെളിക്കുന്ന ആരാധനയത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ, ആൺ,പെൺ ഭേദമില്ലാതെ കുട്ടികളടക്കം തല തുണി കൊണ്ടു മൂടി വേണം ഉള്ളിലേയ്ക്ക് കടക്കാൻ. തല മറയ്ക്കാതെ ഉള്ളിലേയ്ക്ക് കടക്കുന്നവർക്ക് അകത്ത് സ്കാർഫ് ലഭ്യമാക്കുന്ന സംവിധാനവുമുണ്ട്. അമൃതസരസ്സിലെ ശുദ്ധജലത്തിൽ മുങ്ങിക്കളിക്കുകയോ, കൈകാലുകൾ കഴുകിയോ ശാന്തിമന്ത്രങ്ങൾ ഉരുവിടുന്ന സുവർണ്ണക്ഷേത്രത്തിന്റെ പ്രധാന ഹാളിലേയ്ക്ക് പ്രവേശിക്കാം!
സുവർണ്ണ ക്ഷേത്രം
ശ്രീ ഹൻമന്ദിർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ്ണക്ഷേത്രം സിഖ് മതവിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയമാണ്! ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിന്റെ ഫലമായി പഞ്ചാബ് രണ്ടായി പിളർന്നു. ഇന്ത്യ അധിനിവേശ പഞ്ചാബിലെ “അമൃത് സർ”എന്ന മനോഹര നഗരത്തിലാണ് അതിമനോഹരമായ സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമൃതസരസ്സെന്ന പവിത്ര ജലസരസ്സിന്റെ ചുറ്റിനുമായി ദീപാലംകൃതമായ സുവർണ്ണക്ഷേത്രം തലയെടുപ്പോടെ നില്ക്കുന്നു. അമൃതസരസ്സിലെ അലങ്കാര മത്സ്യങ്ങൾ ഉന്മേഷദായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
“ശ്രീ ഹർമന്ദർ സാഹിബ് “ഈശ്വരൻ വസിക്കുന്നയിടം എന്നാണർത്ഥമാക്കുന്നത്!ഏകദേശം നൂറു കിലോയോളം തൂക്കം,വരുന്നശുദ്ധസ്വർണ്ണത്തിൽ പണിതെടുത്ത താമരയാകൃതിയിലുള്ള താഴികക്കുടങ്ങൾ വശ്യമനോഹരമാണ്.ഹിന്ദു-ഇസ്ളാമിക് വാസ്തുവിദ്യയുടെ ശില്പഭംഗി പകർത്തിയാണ് സുവർണ്ണക്ഷേത്രം രൂപപ്പെടുത്തിയത്.ദീർഘചതുരാകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥാപകൻ,സിഖ് മതവിശ്വാസികളുടെ അഞ്ചാമത്തെ ഗുരുവായ “”അർജൻ സാഹിബ്”ആണ്!1588 ൽ ലാഹോറിൽ നിന്നുള്ള ഇസ്ലാമിക പുരോഹിതനായ “മിയാൻ മിർജി”ആണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്!”ആദിഗ്രന്ഥമെന്നു വിശേഷിപ്പിക്കുന്ന “ഗുരു ഗ്രന്ഥ സാഹിബിലെ ശുഭവചനങ്ങൾ നിത്യേന പാരായണം ചെയ്യുന്ന അപൂർവതയുമുണ്ട്.”ഗ്രന്ഥി”എന്നറിയപ്പെടുന്ന ആളാണ് ഗ്രന്ഥം വായിക്കുന്നത്.ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി “ലംഗാർ” എന്നറിയപ്പെടുന്ന സമൂഹസദ്യയ്ക്കായി ഒരുങ്ങുന്ന വിശാലമായ അടുക്കള.
ഗുരു ഗ്രന്ഥ സാഹിബ്
ലോകത്തിലൊരുപാട് പുണ്യപുരാതന ഗ്രന്ഥങ്ങളുണ്ടെങ്കിലും, ഒരു ഗ്രന്ഥം പ്രധാന ആരാധന ഘടകമായി കാണുന്നത് സുവർണ്ണക്ഷേത്രത്തിൽ മാത്രമാണ്. സിഖ് ഗുരു “ഗുരു നാനാക്,ഗുരു ഹർഗോബിന്ദ് സിംഗ്,തുടങ്ങിയവരുടെ മഹദ് വചനങ്ങൾ ഗ്രന്ഥരൂപത്തിലാക്കി ആരാധിച്ചു പോരുകയാണ് ഇവിടെ. നിത്യേന ഗ്രന്ഥിങ്ങള്‍ (Readers)പാരായണം ചെയ്യുന്ന ഈ വിശുദ്ധഗ്രന്ഥം പൂർണ്ണമായും പാരായണം ചെയ്യാൻ രണ്ടു ദിവസം വേണ്ടിവരും.മൂന്നു മണിക്കൂർ ഇടവിട്ട് ഗ്രന്ഥികൾ മാറി മാറി പാരായണം ചെയ്യുന്ന “ഗ്രന്ഥസാഹിബ്”സുവർണ്ണക്ഷേത്രത്തിനുള്ളിലെ മറ്റൊരു മുറിയിലാണ് രാത്രി സൂക്ഷിക്കുക.”അകാൽ തക്ത്”എന്നറിയപ്പെടുന്ന മുറിയിൽ നിന്ന് അതിരാവിലെ പട്ടിൽ പൊതിഞ്ഞ് ഘോഷയാത്രയായി പല്ലക്കിൽ പ്രധാന ഹാളിലേയ്ക്ക് കൊണ്ടു വരുന്നു.പാലു കൊണ്ടു കഴുകിയ ഇരിപ്പിടത്തിൽ വെച്ച് ദിവസം മുഴുവനും ആരാധിക്കുകയും രാത്രി “അകാൽ തക്ത്”ലേയ്ക്ക് “സുഖാസനത്തിനായി കൊണ്ടു പോവുകയും ചെയ്യുന്നു!
സിഖ് മതം
പ്രധാനമായും 5″ക”യാണ് സിഖ് മതവിശ്വാസികൾക്ക് ഒഴിച്ചു കൂടാനാവാത്തത്.”കേശ്,കംഘ,കട,കൃപാൺ,കച്ച”എന്നിവയാണ് അഞ്ച് “ക”കൾ!സിഖ് മതവിശ്വാസികൾ മുടി മുറിക്കാതെ നീട്ടിവളർത്തുന്നതിനെയാണ് “കേശ്”സൂചിപ്പിക്കുന്നത്. തടി കൊണ്ട് പ്രത്യേകമായി തയ്യാറാക്കിയ ചീപ്പാണ് “കംഘ”.കയ്യിലണിയുന്ന ഇരുമ്പു കൊണ്ടുള്ള വളയാണ് “കട”.അരയിൽ സൂക്ഷിക്കുന്ന പ്രത്യേകതരം വാളാണ് കൃപാൺ.”കച്ച”അടിവസ്ത്രമാണ്.ഏകദൈവ വിശ്വാസത്തിലുറച്ചു വിശ്വസിക്കുന്ന സിഖ്കാർ ഹൈന്ദവ-മുസ്ളിം സമുദായങ്ങളിലെ ആശയങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെയാണ് സ്വന്തമായി ഒരു വിശ്വാസവും മതവുമുണ്ടാക്കിയെടുത്തത്.ഗുരു അർജൻ സിംഗ്വളരെ വലിയൊരു സമുദായമായി സിഖ് മതത്തെ വളർത്തിയെടുക്കുകയായിരുന്നു!1606ൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ തനിക്കു ഭീഷണിയായി വളർന്നു വന്ന അർജൻ സിംഗിനെ തൂക്കിലേറ്റുകയായിരുന്നു.
ആക്രമണങ്ങൾ
നിരവധി തവണ തീവ്രവാദികളുടെ ആക്രമണത്തിനിരയായിട്ടുള്ള ഒരു ക്ഷേത്രമാണ് സുവർണ്ണക്ഷേത്രം. അതില്‍ ഏറ്റവും വലുത് 1984 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ “ഓപ്പറേഷൻ ബ്ലൂ സ്റ്റാർ”ആയിരുന്നു. സന്തു ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദിപ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
ഈ ആക്രമണത്തില്‍ പ്രമുഖ മതപുരോഹിതനായ ജർണെയിൽ സിങ്ങിനെ കൊല്ലുകയും ചെയ്തു. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിന്‍റെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. കൂടാതെ ഈ നടപടി സിഖ് സമൂഹത്തിനു ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.
കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം; മണികെട്ടല്‍ പ്രമുഖ വഴിപാട്
Post Your Comments