കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ലീല മേനോന് അന്തരിച്ചു. 85 വയസായിരുന്നു. ഇന്നെ രാത്രി സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്.
മാരകമായ ക്യാന്‍സറിനെ ഇച്ഛാശക്തിയില്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ലീലാ മേനോന് പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയാണ്. മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധ നേടിയയാളായിരുന്നു ലീല മേനോന്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠന് കര്‍ത്താവിന്റെയും ഇളയ മകളായി 1932 നവംബര്‍ 10 നാണ് ജനനം. വെങ്ങോല പ്രൈമറി സ്ക്കൂള്, പെരുമ്പാവൂര്‍ ബോയ്സ് സ്ക്കൂള്, നൈസാം കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1949ല്‍ പോസ്റ്റോഫീസില്‍ ക്ളാര്‍ക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റായി 1978വരെ അവിടെ ജോലി ചെയ്തു. ജേര്‍ണലിസത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു.
1978 ല്‍ ഇന്ത്യന്‍ എക്സ്പ്രസ് ദല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍ ജോലി രാജിവെച്ചു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. പിന്നീട് കേരളാ മിഡ് ഡേ ടൈംസില്‍ ജോലി ചെയ്തു. ഒടുവി്ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി. യശ്ശശരീരനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്ക്കരമേനോനാണ് ഭര്‍ത്താവ്.
നിരവധി പുരസ്ക്കാരങ്ങളുടെ ഉടമയായ ലീലാ മേനോന് ദേശീയ അന്തര്‍ദ്ദേശീയ നിലവാരമുള്ള അനേകം എസ്ക്ലൂസീവ് സ്റ്റോറികള്‍ എഴുതിയിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധിന്യായങ്ങളില്‍ ലീലാ മേനോന്റെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വൈപ്പിന്‍ വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങി കേരളത്തെ നടുക്കിയ വാര്‍ത്തകള്‍ ലോകം അറിഞ്ഞത് ഈ പത്രപ്രവര്ത്തകയിലൂടെയാണ്. ജന്മഭൂമിയില് പ്രസിദ്ധീകരിച്ച കാഴ്ചക്കപ്പുറം എന്ന കോളം വലിയ ചര്‍ച്ചകളാണ് തുറന്നുവിട്ടത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ജ്വലനമുഖമാണ് ലീലാ മേനോന്റേത്. ഇത്തരം നൂറുകണക്കിനു റിപ്പോര്‍ട്ടുകളാണ് കാന്‍സറിന്റെ പേരില്‍ ആറുമാസം ആയുസ്സ് വിധിച്ച വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ച് ഏറെക്കാലം ജീവിച്ചു.
അപൂര്‍വമായ ജീവിതംകൊണ്ടും അസാധാരണമായ പത്രപ്രവര്‍ത്തനംകൊണ്ടും ധന്യമാണ് ആ ജീവിതമെന്ന് ലീലാ മേനോന്റെ ആത്മകഥയായ നിലയ്ക്കാത്ത സിംഫണിയിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകും. മലയാളത്തിലെ സത്യസന്ധമായ ആത്മകഥകളില്‍ ഒന്നാണ് ഈ നിലയ്ക്കാത്ത സിംഫണി. ഇത് പത്രപ്രവര്‍ത്തകര്‍ക്കാകട്ടെ പാഠപുസ്തകവും.
Post Your Comments