കോഴിക്കോട് : നിപ വൈറസ് ബാധയുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യജ സന്ദേശം പ്രചരിപ്പിച്ചവരിൽ പത്തുപേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനേഴായി. വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജസന്ദേശം പ്രചരിപ്പിച്ച ഫറോക്ക് സ്വദേശി കെ. അബ്ദുല്‍ അസീസ് (60), മടവൂര്‍ സ്വദേശികളായ എം.ബി. സെബിന്‍ (24), ടി.എം. അന്‍ഷാജ് (33), പി.എ. ഷിഹാബ് (37), മൂവാറ്റുപുഴ സ്വദേശികളായ വി.എം. അന്‍സാര്‍ (40), മുഹമ്മദ് ബിന്‍ അഹമ്മദ് (27), നജ്മുദ്ദീന്‍ സാഖിബ് (21), കെ.കെ. മുഫീദ് (21) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജില്ല മെഡിക്കല്‍ ഒാഫിസറുടെ പേരിലാണ് ഇവർ വ്യാജ പ്രചാരണം നടത്തിയത്. നിപ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാല്‍ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ് ഇവർ പ്രചരിപ്പിച്ചത്.
എന്നാല്‍, ഡി.എം.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയത് ഇവരല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വ്യാജ കത്തില്‍ പതിച്ച സീല്‍ ബംഗാളിലെ ഹൂഗ്ലി ചുര്‍ച്ചുറയിലെ അഡീഷണല്‍ ജില്ല സബ് മജിസ്ട്രേറ്റിന്റേതാണ്. അവിടത്തെ സീല്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആരാണ് വ്യാജ കത്ത് നിർമിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ്ആപ് വഴി പ്രചരിച്ചത്. ഇതേ കേസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
അതിനിടെ നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ്ആപ് വഴി തെറ്റായ പ്രചാരണം തുടങ്ങിയാല്‍ അഡ്മിന്മാരെയും കേസില്‍ പ്രതികളാക്കും. തെറ്റായ കാര്യങ്ങള്‍ മറ്റു ഗ്രൂപ്പുകളിലേക്ക് കൈമാറാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാര്‍ അറിയിച്ചു. നിപ ബാധിച്ച് മരിച്ച ചിലരുടെ ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്.
Post Your Comments