തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐ മാർക്ക് നൽകണമെന്ന് ആവശ്യം. ഈ വിഷയം എഡിജിപി ആനന്ദ് കൃഷ്‌ണൻ അദ്ധ്യക്ഷനായ സമിതിയാണ് മുമ്പോട്ട് വെച്ചത്. ഇപ്പോൾ 207 സ്റ്റേഷനുകളുടെ ചുമതല മാത്രമാണ് സി.ഐമാർക്കുള്ളത്. ശേഷിക്കുന്ന 268 സ്‌റ്റേഷനുകളുടെ ചുമതല കൂടി സി.ഐമാർക്ക് നൽകണമെന്നാണ് സമിതിയുടെ ശുപാർശ. സി.ഐമാരില്ലാത്ത സ്‌റ്റേഷനുകളുടെ ചുമതല ഡിവൈ.എസ്.പിമാരാണ് ഇപ്പോൾ വഹിക്കുന്നതെന്നും ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ നവംബർ ഒന്നു മുതൽ സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 444 പോലീസ് സ്റ്റേഷനുകളാണുള്ളത്. 196 സി.ഐ ഓഫീസുകളും. ഒരു സി.ഐക്ക് ഒന്നിലധികം സ്റ്റേഷനുകളുടെ ചുമതലയുണ്ട്. സി.ഐമാർ എസ്.എച്ച്.ഒ ആകുന്നതോടെ ഒരു സ്റ്റേഷന്റെ മാത്രം പൂർണ ചുമതലയിലേക്കു മാറേണ്ടി വരും. എട്ടു വർഷം പൂർത്തിയാക്കിയ എസ്.ഐമാർക്ക് സി.ഐമാരായി സ്ഥാനക്കയറ്റം നൽകുന്നതിന് ധനവകുപ്പ് അംഗീകാരം നൽകിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
ഈ വർഷം 207 സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകി. നിലവിൽ സംസ്ഥാനത്തെ 10 സ്റ്റേഷനുകളുടെ ഭരണം സി.ഐമാർക്കാണ്. ഇതുകൂടാതെയാണ് മറ്റ് സ്റ്റേഷനുകളുടെ ഭരണം കൂടി സി.ഐമാർക്ക് നൽകുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും ഭരണം സി.ഐമാരിലേക്ക് വരുന്നതോടെ ഓരോ സി.ഐക്ക് കീഴിലും കുറഞ്ഞത് മൂന്ന് എസ്.ഐമാരുണ്ടാകും.
ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്.ഐമാർക്ക് ചുമതല വീതിച്ച് നൽകുകയും ചെയ്യും.
Post Your Comments