India

കോടികള്‍ വെട്ടിച്ച് വിദേശത്തേയ്ക്ക് കടന്ന നീരവ് മോദിയ്‌ക്കെതിരെയുള്ള തെളിവുകള്‍ കത്തി നശിച്ചു

മുംബൈ: ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ വെട്ടിച്ച് വിദേശത്തേയ്ക്ക് കടന്ന നീരവ് മോദിയ്‌ക്കെതിരെയുള്ള ആദായനികുതി രേഖകള്‍ കത്തി നശിച്ചു. ദക്ഷിണ മുംബൈയിലെ ബല്ലാഡ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ആദായനികുതി ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ രേഖകള്‍ കത്തി നശിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഓഫീസില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ലെവല്‍ 4 തീപിടിത്തമായി വിലയിരുത്തിയ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. തീപിടിച്ച ഓഫീസിനുള്ളില്‍ കുടുങ്ങിയ ഏഴു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. തീപിടിത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന ആദായനികുതി ഓഫീസും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഓഫീസും പൂര്‍ണമായി കത്തിനശിച്ചു.

ശനിയാഴ്ച വൈകിട്ട് മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിന് അകത്തുകടക്കാന്‍ കഴിഞ്ഞത്. നാശനഷ്ടം പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ല. ആദായനികുതി ഓഫീസില്‍നിന്ന് ആരംഭിച്ച തീപിടിത്തം മറ്റ് ഓഫീസുകളിലേക്കു പടരുകയായിരുന്നെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

നീരവ് മോദി, മെഹുല്‍ ചോക്സി, എസ്സാര്‍ ഗ്രൂപ്പ് എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ ഈ ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ രേഖകള്‍ നശിച്ചതായാണു സൂചന. തീപിടിത്തം കരുതിക്കൂട്ടിയുള്ളതാണെന്നും രേഖകള്‍ നശിപ്പിക്കപ്പെട്ടതായും വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി ആരോപിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button