ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് സര്‍വസാധാരണമായതോടെ ഇ-മെയിലും സമൂഹമാധ്യമ സന്ദേശങ്ങളും പരിശോധിയ്ക്കാന്‍ സംവിധാനം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം നിലവില്‍ വരിക. രാജ്യത്തെ എല്ലാ ജനങ്ങളുടെയും സമൂഹമാധ്യമ ഇടപെടലുകളും ഇ-മെയിലുകളും പരിശോധിക്കും. ന്യൂ മീഡിയ കമാന്‍ഡ് റൂം എന്ന പേരില്‍ ആണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇതിനു വേണ്ട സോഫ്റ്റ്വെയറും വിശകലനം നടത്താനുള്ള ആള്‍ക്കാരെയും നല്‍കാന്‍ പറ്റുന്ന കമ്പനികള്‍ക്കു വേണ്ടി ഏപ്രില്‍ അവസാനം ടെന്‍ഡര്‍ ക്ഷണിച്ചു. മേയ് 17 വരെയായിരുന്നു ടെന്‍ഡര്‍ കാലാവധി. 20 പ്രഫഷണലുകള്‍ സഹിതം അനലിറ്റിക്കല്‍ സോഫ്റ്റ്വെയര്‍ നല്‍കാന്‍ 47 കോടി രൂപയാണ് ഏകദേശ കരാര്‍ തുകയായി ടെന്‍ഡര്‍ പരസ്യത്തില്‍ പറഞ്ഞിരുന്നത്. സമഗ്ര നിരീക്ഷണം ഇന്ത്യയിലെ 130 കോടി ജനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തിലാകും എന്നതാണ് പദ്ധതി നടപ്പായാലുള്ള ഫലം. സമൂഹമാധ്യമങ്ങളില്‍ ഓരോരുത്തരും എന്താണു പറയുന്നതും കാണുന്നതും ചെയ്യുന്നതും എന്ന് ന്യൂമീഡിയ കമാന്‍ഡ് റൂമിനു മനസിലാക്കാം. അതുവഴി ഓരോരുത്തരുടെയും സ്വഭാവവും താത്പര്യവും രാഷ്ട്രീയവും മറ്റു കാര്യങ്ങളും മനസിലാക്കാം. ഇതുപയോഗിച്ച് ആളെ ഭീഷണിപ്പെടുത്തിയോ അല്ലാതെയോ വരുതിയിലാക്കാനും പറ്റും.
ഒരാളുടെ സ്വകാര്യ പ്രവര്‍ത്തനങ്ങളും സൗഹൃദ സംഭാഷണവും ടെലിഫോണ്‍ സംഭാഷണവും കത്തുകളും നോട്ടുബുക്കുകളും എല്ലാം മറ്റൊരു ഏജന്‍സി പരിശോധിക്കുന്നതിനു തുല്യമായ അവസ്ഥയാകും. ന്യായീകരണം ഇന്ത്യയുടെ ശത്രുക്കള്‍ ഇത്തരം മാധ്യമങ്ങളിലൂടെ രാജ്യത്തിനെതിരേ പ്രചാരണമഴിച്ചുവിടുന്നതു തടയുക, ദേശീയബോധം വളര്‍ത്തുക, വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമഗ്ര നിരീക്ഷണ സംവിധാനം തുടങ്ങുന്നത്.
Post Your Comments