ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ നിന്ന് പണം ലഭിക്കാൻ ഒരവസരം. ആദായ നികുതി വകുപ്പിന് രഹസ്യമായി വിവരങ്ങൾ നൽകിയാൽ ലഭിക്കുന്നത് അഞ്ച് കോടി രൂപ. വിവരങ്ങൾ നൽകുന്നവരുടെ പേരോ വിലാസമോ ഒന്നും തന്നെ പുറത്തുപോകില്ലെന്ന് ഉറപ്പ് നൽകുന്നു. ബിനാമി ഇടപാടുകളെക്കുറിച്ചു വിവരം കൈമാറിയാൽ ഒരു കോടി രൂപ വരെയും, വിദേശത്തു സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചു വിവരം നൽകിയാൽ അഞ്ച് കോടി രൂപ വരെയും ആദായ നികുതി പാരിതോഷികമായി നൽകും.
‘ഇൻകം ടാക്സ് ഇൻഫോർമന്റ്സ് റിവാർഡ് സ്കീം’ ഭേദഗതി ചെയ്തതോടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയാൽ 50 ലക്ഷം രൂപ വരെ ലഭിക്കാം. ഇന്ത്യക്കാരനു മാത്രമല്ല, വിദേശികൾക്കു പോലും ആദായ നികുതി വകുപ്പിനു വിവരങ്ങൾ നൽകാം.
വിദേശ രാജ്യങ്ങളിൽ മറ്റു പേരുകളിൽ വൻ തോതിൽ നിക്ഷേപം നടത്തി, വരുമാനം നേടുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് പ്രോൽസാഹിപ്പിക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പറയുന്നു.
Post Your Comments