കൊച്ചി: സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കടല്‍മുരിങ്ങ (ഓയിസ്റ്റര്‍), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ കൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കര്‍ഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് അഞ്ച് മീറ്റര്‍ വീതം നീളവും വീതിയുമുള്ള മുള കൊണ്ട് നിര്‍മ്മിച്ച 13 കൃഷിയിടങ്ങളിൽ കടല്‍മുരിങ്ങ (ഓയിസ്റ്റര്‍) കൃഷിയിറക്കിയത്.
ഓരോ യൂണിറ്റിലും 250-ഓളം കയറുകളിലായി നടത്തിയ കൃഷിയില്‍ ഒന്നര ടണ്‍വരെ കടല്‍മുരിങ്ങയാണ് ഓരോ യൂണിറ്റില്‍ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളില്‍ നിന്നായി മൊത്തം 20-ഓളം ടണ്‍. അഞ്ച് മീറ്റര്‍ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകള്‍ നിക്ഷേപിച്ചിരുന്നത്. ഓരോ യൂണിറ്റില്‍ നിന്നും ഒന്നേക്കാല്‍ ടണ്‍ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. സിഎംഎഫ്‌ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്.
സിഎംഎഫ്‌ആര്‍ഐയിലെ മൊളസ്‌കന്‍ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്‌ആര്‍ഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് വില്‍പന നടത്തുന്നത്.തീറ്റ നല്‍കേണ്ടതില്ലെന്നതിനാല്‍ മത്സ്യകൃഷിയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടല്‍മുരിങ്ങ കൃഷി. കൃഷിയുടെ ആരംഭത്തില്‍ മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്നതിനുള്ള കയറുകളുമാണ് കടല്‍മുരിങ്ങ കൃഷിക്കുള്ള ചിലവ്. കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട എന്നതാണ് കടല്‍മുരിങ്ങ കൃഷിയുടെ പ്രത്യേകത. എന്നാല്‍, വിത്തു ശേഖരിച്ചാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്.
ഒരു യൂണിറ്റില്‍ കല്ലുമ്മക്കായ കൃഷിചെയ്യുന്നതിന് ഏകദേശം 125 കിലോ വിത്ത് ആവശ്യമായിവരും. കൃഷിയിറക്കിയതിന് ശേഷം മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണവും ശ്രദ്ധയും മാത്രമേ കടല്‍മുരിങ്ങ-കല്ലുമ്മക്കായ കൃഷിയില്‍ ആവശ്യമുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. ഉപ്പുള്ള ഒഴുക്കുള്ള ജലാശയങ്ങൾ കൃഷിക്ക് വേണമെന്നതിനാൽ അഴിമുഖങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അഭികാമ്യം.
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടവുമാണ് കടല്‍ മുരിങ്ങയും കല്ലുമ്മക്കായയും.കടല്‍ മുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ കിലോയ്ക്ക് 660 രൂപയുമാണ് വില. ഫോണ്‍ 0484 2394867 (എക്‌സ്റ്റന്‍ഷന്‍ 406).
Post Your Comments