പുനലൂർ: സെൽഫി ദുരന്തം തുടർക്കഥയാകുന്നു. ആറ്റിലിറങ്ങി സെൽഫിയെടുക്കാൻ ശ്രമിക്കവേ കയത്തിൽ വീണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം സിറ്റി ട്രാഫിക് എസ്ഐ കുരീപ്പുഴ വൃന്ദാവനത്തിൽ രാജേന്ദ്രന്റെ മകനും അമൃത എൻജിനിയറിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥിയുമായ അഖിൽരാജ് (21) ആണ് മരിച്ചത്. തെന്മല എംഎസ്എല്ലിൽ ഇന്നലെ വൈകുന്നേരം 4.45ന് ആയിരുന്നു അപകടം.
തെന്മല കാണാൻ കാവനാട് നിന്നും ബൈക്കിലെത്തിയ അഖിൽരാജും സുഹൃത്ത് വീനസും കണ്ണറ പാലത്തിനു സമീപത്ത് ആറ്റിലിറങ്ങി സെൽഫിയെടുക്കുന്നതിനായി പാറക്കെട്ടിന് മുകളിൽ കയറിയ ശേഷം മറ്റൊരുപാറയിലേക്ക് ചാടുന്നതിനിടെ കഴുതുരുട്ടിയാറ്റിലെ കയത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. തുടർന്ന് റോഡിൽ എത്തി ആളുകളെ അറിയിച്ചു. വിവരം അറിഞ്ഞു അടുത്തുതന്നെ പട്രോളിംഗ് നടത്തിയിരുന്ന തെന്മല എഎസ്ഐയും സംഘവും സ്ഥലത്തെത്തി പ്രദേശത്തെ മുങ്ങൽവശമുള്ള ആളിനെ വരുത്തി അഖിലിനെ കയത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
Post Your Comments