Kerala

ലിംഗഭേദമില്ലാതെ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തണം; സാമൂഹികാരോഗ്യത്തിലേക്കുള്ള പരിഷ്കരണ നടപടിയാണിതെന്ന് ശാരദക്കുട്ടി

കൊച്ചി: ലിംഗവിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തിയിരുത്തണമെന്ന തീരുമാനം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. വെറും ലൈംഗിക ശരീരങ്ങള്‍ മാത്രമായി കുട്ടികളെ വേര്‍തിരിക്കാതിരിക്കുക. വേര്‍തിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്‌കൃതമാണ് ജാതീയമായ വേര്‍തിരിവുപോലെ തന്നെ അശ്ലീലമാണെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ ഈ വർഷം മുതൽ, ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ, അവരെ ഇടകലർത്തിയിരുത്തണമെന്ന ഒരു തീരുമാനം സർക്കാർ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ചെറുപ്പം മുതൽ ശീലിച്ചാൽ പത്തുകൊല്ലം കഴിയുമ്പോഴേക്ക് എങ്കിലും ലിംഗവിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കും. വെറും ലൈംഗിക ശരീരങ്ങൾ മാത്രമായി കുട്ടികളെ വേർതിരിക്കാതിരിക്കുക. ‘ വേർതിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്കൃതമാണ് ജാതീയമായ വേർതിരിവു പോലെ തന്നെ അശ്ലീലമാണ്.

ഇടതുപക്ഷ സർക്കാർ അധികാരമേറ്റ അന്നു മുതൽ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതുമായ ഒരു ആശയമാണിത്. കേട്ടാൽ ചെറിയ കാര്യമെന്നു തോന്നാം. പക്ഷേ സാമൂഹികാരോഗ്യത്തിലേക്കുള്ള ആദ്യ പരിഷ്കരണ നടപടി ഇതു തന്നെയാണ്. ഇടതു സർക്കാരിനാണിതു കഴിയേണ്ടത്. സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങൾ നീക്കം ചെയ്യാതെ എങ്ങനെയാണ് കുട്ടികളിൽ പൗരബോധവും സാമൂഹികബോധവും ഉത്തരവാദിത്വബോധവുമുണ്ടാവുക?

സർക്കാർ ലിംഗവിവേചനത്തിനെതിരായുള്ള പ്രാഥമിക പാഠങ്ങൾ പരിശീലിപ്പിച്ചു തുടങ്ങുക. ലൈംഗിക വൈകൃതങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ആദ്യ നിർബന്ധനടപടി ഇതാകണം. തൊട്ടാൽ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തിൽ നിന്നു രക്ഷ നേടുവാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button