
മലപ്പുറം: പാസ്‌പോർട്ട് വെരിഫിക്കേഷനുള്ള കൈക്കൂലി കേന്ദ്രസർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീടുകളിൽ എത്തില്ല. ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള വെരിഫിക്കേഷൻ നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 21-ന് ജോയന്റ് സെക്രട്ടറി ആൻഡ് ചീഫ് പാസ്പോർട്ട് ഓഫീസർ അരുൺ കെ. ചാറ്റർജിയാണ് ഉത്തരവ് ഇറക്കിയത്.
വർഷങ്ങളായി പിന്തുടർന്നുവന്ന പോലീസ് പരിശോധനയിൽ അപേക്ഷകന്റെ വിലാസവും ക്രിമിനൽ പശ്ചാത്തലവും വീട്ടിൽചെന്ന് പരിശോധിച്ചിരുന്ന രീതിയാണ് ഇതോടെ ഇല്ലാതാകുന്നത്.
അപേക്ഷ നൽകുമ്പോൾ വിലാസം രേഖപ്പെടുത്തുന്ന കോളത്തിൽ കഴിഞ്ഞ ഒരു വർഷമായി താമസിക്കുന്ന സ്ഥലവും കുടുംബ വിലാസവും രേഖപ്പെടുത്തണമായിരുന്നു. ഇനിമുതൽ ഒരു വിലാസം മാത്രം നൽകിയാൽ മതി. മറ്റിടങ്ങളിൽ ജോലിചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമാണ് ഇതിന്റെ ഗുണം കൂടുതൽ. പോലീസ് പരിശോധന രണ്ടിടങ്ങളിലും ഉണ്ടായിരുന്നത് പാസ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ടാക്കിയിരുന്നു.
പാസ്പോർട്ട് കേന്ദ്രം നൽകുന്ന അപേക്ഷയുടെ വിവരം അനുസരിച്ച് സ്റ്റേഷനുകളിൽ നിന്ന് തന്നെ പോലീസിന് റിപ്പോർട്ട് കൈമാറാം. അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കൽ മാത്രമാണ് ഇനിയുള്ള ഏക ജോലി.
ഒൻപത് ചോദ്യങ്ങളായിരുന്നു പ്രധാനമായും പോലീസ് പരിശോധിച്ചത്. ഇനി അവസാന ഒരു വർഷത്തെ വിലാസം, ഫോട്ടോയും അപേക്ഷയിലെ വിവരങ്ങളും ശരിയാണോ തുടങ്ങിയ ചോദ്യങ്ങൾ അന്വേഷിക്കേണ്ടതില്ല. ഫോട്ടോ പാസ്പോർട്ട് സേവാകേന്ദ്രത്തിൽനിന്ന് തന്നെയാണ് എടുക്കുന്നത്. രേഖകളും അവിടെ പരിശോധിക്കുന്നുണ്ട്. അതിനാൽ രണ്ടാമതുള്ള പരിശോധന ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.
എവിടെ നിന്നും പാസ്‌പോർട്ട് അപേക്ഷിക്കാം
അപേക്ഷകന് എവിടെനിന്നും അപേക്ഷിക്കാം. അവിടെ താമസിക്കുന്ന രേഖ മാത്രംമതി. മുൻപ് ദൂരങ്ങളിലുള്ളവർ കുടുംബവീട്ടിൽ വന്നായിരുന്നു പാസ്പോർട്ട് എടുത്തത്.
ആൾ സ്ഥലത്തുണ്ടാകണം
ഇപ്പോൾ താമസിക്കുന്ന മേൽവിലാസം നൽകുന്നതായിരിക്കും നല്ലത്. അപേക്ഷകൻ സ്ഥലത്തില്ലെങ്കിൽ അവിടെ എത്തിക്കാൻ പോസ്റ്റ്മാൻ തയ്യാറാകില്ല. ഇത് കാലതാമസത്തിന് കാരണമാകും.
Post Your Comments