തിരുവനന്തപുരം: അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ സെലിബ്രറ്റികളുടെ ഫേസ്ബുക്ക് പേജുകളിലെ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ. ഇത് എന്താണ് സംഭവം എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ സൈബര്‍ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാൽ ചില വിരുതന്മാർ ചെയ്യുന്ന സ്നേഹ പാരകൾ ആണ് ഇത്.
ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ‘കുത്തിപ്പൊക്കല്‍’ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. ഇങ്ങനെ കുത്തിപൊക്കൽ പാര കൂടുതൽ ഏൽക്കേണ്ടി വന്നത് പൃഥ്വിരാജിനാണ്. രസകരമായ പൃഥ്വിയുടെ പഴയ കാലചിത്രങ്ങൾ ന്യൂസ് ഫീഡിൽ കണ്ടു ചിരിയടക്കുകയാണ് പലരും.
അതിന് അടിയില്‍ വന്ന പല കമന്റുകളും ട്രോളുകളായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ തുടങ്ങിയവരുടെ പേജുകളിലും ഈ പ്രതിഭാസം ആരാധകര്‍ നടത്താന്‍ തുടങ്ങി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്റെ തുടക്കം. സൂക്കറിന്റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് ‘കുത്തിപ്പൊക്കല്‍’ സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. എന്തായാലും താരങ്ങളുടെ പഴയഫോട്ടോകളില് കമന്റ് ഇട്ട് രസിക്കുന്ന ആരാധകരെ ഫേസ്ബുക്കില്‍ എങ്ങും കാണാം. ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
Post Your Comments